സ്ഥാനാര്‍ഥികള്‍ ആരാകണം? മുസ്‌ലിം ലീഗ് യോഗം ഇന്ന്

മലപ്പുറം - പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട്ട് ചേരും. പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനാണ് യോഗം പ്രധാനമായും ചേരുന്നത്. മൂന്നാം സീറ്റ് സംബന്ധിച്ച് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് അടുത്ത യു.ഡി.എഫ് യോഗത്തില്‍ എന്തു നിലപാടെടുക്കണമെന്നതും ചര്‍ച്ചയാകും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും.
പാര്‍ട്ടി മല്‍സരിക്കുന്ന പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സിറ്റിംഗ് എം.പിമാര്‍ മല്‍സരിക്കാന്‍ തയാറാണെങ്കില്‍ അവര്‍ക്കാകും മുഖ്യ പരിഗണനയെന്ന് നേരത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും തന്നെയാവും സ്ഥാനാര്‍ഥികള്‍. അതേസമയം, പൊന്നാനിയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ഇടതുമുന്നണി കടുത്ത മല്‍സരത്തിനൊരുങ്ങുന്നുവെന്ന സൂചനകളും ഇന്നത്തെ യോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. ബഷീറും കുഞ്ഞാലിക്കുട്ടിയും മണ്ഡലങ്ങള്‍ പരസ്പരം മാറുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാകും. സ്ഥാനാര്‍ഥികളെ കുറിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണറിയുന്നത്. ഒദ്യോഗിക പ്രഖ്യാപനം ഈ ഈയാഴ്ചയിലുണ്ടാകും.
മൂന്നാം സീറ്റിനായുള്ള ആവശ്യത്തില്‍നിന്ന് ലീഗ് പിന്‍വലിഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ ഈയാവശ്യത്തില്‍ ഉറച്ചു നില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. എന്നാല്‍ കേരള കോണ്‍ഗ്രസും സീറ്റ് കൂടുതല്‍ ചോദിക്കുന്നത് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കുമെന്നതിനാല്‍ യു.ഡി.എഫ് ബന്ധത്തില്‍ ഉലച്ചിലുണ്ടാകാതിരിക്കാന്‍ ലീഗ് ആവശ്യത്തില്‍നിന്ന് പിറകോട്ടു പോകാനാണ് സാധ്യത. വിജയ സാധ്യതയില്ലാത്ത സീറ്റ് വാശിപിടിച്ച് വാങ്ങി പരാജയം ഏറ്റുവാങ്ങുന്നത് ഭാവിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍െപ്പടെയുള്ള സമയങ്ങളില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുന്നതിന് തടസ്സമാകുമെന്ന് വാദിക്കുന്നവരുമുണ്ട്. മഞ്ചേശ്വരത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മൂന്നാതൊരു ലോക്‌സഭാ മണ്ഡലത്തില്‍ കൂടി ശ്രദ്ധ പതിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്.

 

Latest News