ജിദ്ദ-ശില്‍പങ്ങള്‍ കൊണ്ട് ജിദ്ദാ നഗരത്തെ മനോഹര ഉദ്യാനമാക്കി മാറ്റിയ മുന്‍ മേയര്‍ മുഹമ്മദ് സെയ്ത് ഫാര്‍സിക്ക് വിട. ജിദ്ദയുടെ ആദ്യ മുനിസിപ്പാലിറ്റി ചെയര്‍മാനും പിന്നീട് നഗരത്തിന്റെ മേയറായും സേവനമനുഷ്ടിച്ച മുഹമ്മദ് സെയ്ത് ഫാര്‍സി കഴിഞ്ഞ ദിവസം പാരീസിലാണ് അന്തരിച്ചത്.

ജിദ്ദാ നഗരത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹമാണ് പ്രാദേശിക, അന്താരാഷ്ട്ര കലാകാരന്മാരെ ഉപയോഗപ്പെടുത്തി പൊതുസ്ഥലങ്ങളില്‍ ഇന്നു കാണുന്ന ശില്‍പങ്ങള്‍ ഒരുക്കിയത്. ആധുനിക ജിദ്ദയുടെ പരിവര്‍ത്തനത്തില്‍ പങ്കുവഹിച്ചവരില്‍ പ്രഥമസ്ഥാനം ഫാര്‍സിക്കാണ്.

1936 ല്‍ മക്കയില്‍ ജനിച്ച ഫാര്‍സി അല്‍റഹ് മാനിയ്യ പ്രൈമറി സ്‌കൂള്‍, മിഷന്‍ പ്രിപ്പറേഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അലക്‌സാണ്ട്രിയ യൂനിവേഴിസിറ്റിയില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം കരസ്ഥമാക്കി.
റിയാദില്‍ സിവിക് പ്ലാനിംഗ് ഓഫീസ് ഡയരക്ടറായാണ് ആദ്യ നിയമനം. തുടര്‍ന്ന് മക്കയിലും ദക്ഷിണ മേഖലയിലും പ്ലാനിംഗിന് നേതൃത്വം നല്‍കി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം യൂനിവേഴ്‌സിറ്റി ഓഫ് അലക്‌സാണ്ട്രിയയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. മക്കയിലെ പുണ്യസ്ഥലങ്ങളുടെ ആസൂത്രണം സംബന്ധിച്ച പ്രബന്ധത്തില്‍ പിന്നീട് പിഎച്ച്.ഡി നേടി. 1972 ഓഗസറ്റില്‍ ജിദ്ദ മുനിസിപ്പാലിറ്റി ചെയര്‍മാനായി. ഒമ്പത് വര്‍ഷത്തിനുശേഷം നഗരത്തിന്റെ മേയറായ അദ്ദേഹം 1986 ല്‍ വിരമിക്കുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു.






