സഅ്‌യ് നിർവഹിക്കുന്നതിന് തീർഥാടകർ  താണ്ടുന്നത് രണ്ടേമുക്കാൽ കിലോമീറ്റർ

മക്ക - വിശുദ്ധ ഹറമിൽ സ്വഫ, മർവ കുന്നുകൾക്കിടയിൽ സഅ്‌യ് കർമം നിർവഹിക്കുന്നതിന് ഹജ്ജ്, ഉംറ തീർഥാടകർ താണ്ടുന്നത് രണ്ടേമുക്കാൽ കിലോമീറ്റർ ദൂരം. പിഞ്ചുപൈതൽ ഇസ്മായിലിന്റെ (അ) ദാഹമകറ്റുന്നതിന് ഒരു തുള്ളി വെള്ളമന്വേഷിച്ചുള്ള ഹാജറിന്റെ വേപതുപൂണ്ട ഓട്ടത്തിന്റെ സ്മരണ തീർഥാടകരുടെ മനസ്സുകളിൽ തുടിച്ച ഓർമയായി നിലനിർത്തുന്ന സ്വഫ-മർവ കുന്നുകൾക്കിടയിലെ പ്രയാണം ഹജ്ജ്, ഉംറ കർമങ്ങളുടെ അവിഭാജ്യ ഭാഗമാണ്. സ്വഫ-മർവ കുന്നുകൾക്കിടയിലെ ദൂരം 394.5 മീറ്ററാണ്. മസ്അക്ക് 40 മീറ്റർ വീതിയുണ്ട്. മസ്അയുടെ ഒന്നാം നിലക്ക് 11.75 മീറ്ററും മുകൾ നിലക്ക് എട്ടര മീറ്ററും ഉയരമുണ്ട്. സഅ്‌യ് കർമം നിർവഹിക്കുന്ന തീർഥാടകർ സ്വഫ-മർവ കുന്നുകൾക്കിടയിൽ ഏഴു തവണയായി ആകെ താണ്ടേണ്ടിവരുന്നത് 2,765.5 മീറ്ററാണ്. 
മസ്അ നിരവധി തവണ വികസനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വികസനം മസ്അയിൽ നടന്നത് അബ്ദുല്ല രാജാവിന്റെ കാലത്തായിരുന്നു. ആധുനിക സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പ് മസ്അ വാണിജ്യ കേന്ദ്രമായിരുന്നു. അക്കാലത്ത് മസ്അയുടെ ഇരുവശത്തും കച്ചവട സ്ഥാപനങ്ങളും കെട്ടിടങ്ങളുമായിരുന്നു. കടുത്ത ബഹളങ്ങൾക്കും തിരക്കുകൾക്കുമിടയിലാണ് അക്കാലത്ത് തീർഥാടകർ സഅ്‌യ് കർമം നിർവഹിച്ചിരുന്നത്. 
തീർഥാടകർക്ക് പൊടിയിൽ നിന്നും മണ്ണിൽ നിന്നും സംരക്ഷണം നൽകുന്നതിന് മസ്അയിൽ കല്ല് പതിക്കുന്നതിന് അബ്ദുൽ അസീസ് രാജാവ് നിർദേശം നൽകി. ഹിജ്‌റ 1344 ൽ ആയിരുന്നു ഇത്. മസ്അയോട് ചേർന്ന കവാടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി പെയിന്റ് അടിക്കുകയും ചെയ്തു. വെയിലിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം നൽകുന്നതിന് മസ്അയുടെ മേൽക്കൂര പുതുക്കി പണിയുകയും ചെയ്തു. സൗദ് രാജാവിന്റെ കാലത്ത് മസ്അയുടെ ഒന്നും രണ്ടും നിലകൾ നിർമിച്ചു. ഫഹദ് രാജാവിന്റെ കാലത്ത് ഒന്നാം നിലയിൽ സ്വഫ ഏരിയ വികസിപ്പിക്കുകയും മർവ ഏരിയയിലെ ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു. മർവ ഏരിയയിൽ അടിയിലെ നിലയിലും ഒന്നാം നിലയിലും പുതിയ കവാടങ്ങളും സ്ഥാപിച്ചു. 
ഇരുപതു മീറ്റർ വീതിയുണ്ടായിരുന്ന മസ്അ അബ്ദുല്ല രാജാവിന്റെ കാലത്ത് വികസിപ്പിച്ച് വീതി നാൽപതു മീറ്ററായി വർധിപ്പിച്ചു. ഹറമിനോട് ചേർന്ന പ്രദേശങ്ങൾ പ്രയോജനപ്പെടുത്തിയാണ് മസ്അയുടെ വീതി കൂട്ടിയത്. മസ്അയുടെ നിലകളുടെ എണ്ണം നാലായി ഉയർത്തുകയും ചെയ്തു. ഇതോടെ മസ്അയുടെ ആകെ വിസ്തീർണം 29,000 ചതുരശ്രമീറ്ററിൽ നിന്ന് 87,000 ചതുരശ്രമീറ്ററായി ഉയർന്നു. 
അനുബന്ധ സേവന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മസ്അയുടെ ആകെ വിസ്തീർണം ഒന്നേകാൽ ലക്ഷം ചതുരശ്രമീറ്ററാണ്. മൂന്നു നിലകളിലായി നാലു വിതാനങ്ങളുള്ള മസ്അയെ ഒന്നാം സൗദി വികസന പദ്ധതി ഭാഗവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നിലയിലാണ് വികസന പദ്ധതി നടപ്പാക്കിയത്. നിലവിലെ ഹറമിന്റെ ടെറസ്സിനേക്കാൾ ഉയരുമുള്ള മസ്അയുടെ ടെറസ്സിലേക്ക് എക്‌സലേറ്ററുകളും ലിഫ്റ്റുകളും മൂന്നു പാലങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മസ്അയുടെ അടിയിലൂടെ ഹറമിന്റെ കിഴക്കു ഭാഗത്തേക്ക് മയ്യിത്തുകൾ സുഗമമായി നീക്കം ചെയ്യുന്നതിന് പ്രത്യേക അടിപ്പാതയും നിർമിച്ചിട്ടുണ്ട്. സഅ്‌യ് കർമം പൂർത്തിയാക്കുന്ന തീർഥാടകർക്ക് എളുപ്പത്തിൽ മസ്അയിൽ നിന്ന് പുറത്തുകടക്കുന്നതിന് സാധിക്കുന്നതിന് മർവയുടെ ഭാഗക്ക് നാലു പുതിയ എക്‌സലേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്ക് കൂട്ടംകൂടി നിൽക്കുന്നതിന് സ്വഫ, മർവ ഏരിയകളിൽ വിശാലമായ സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.  

Latest News