സൽമാൻ രാജാവുമായി റഷ്യൻ വിദേശമന്ത്രി ചർച്ച നടത്തി

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവും ചർച്ച നടത്തുന്നു. 

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവ് ചർച്ച നടത്തി. അൽയെമാമ കൊട്ടാരത്തിൽ വെച്ചാണ് രാജാവ് റഷ്യൻ വിദേശ മന്ത്രിയെ സ്വീകരിച്ചത്. 
ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും സൽമാൻ രാജാവും സെർജി ലാവ്‌റോവും വിശകലനം ചെയ്തു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 
അതേസമയം, സിറിയയിൽ സൗദി എംബസി തുറക്കുന്ന കാര്യത്തിലുള്ള നിലപാടിൽ സൗദി അറേബ്യ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സെർജി ലാവ്‌റോവിനൊപ്പം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് നിലവിലെ സാഹചര്യത്തിൽ സിറിയയിൽ സൗദി അറേബ്യ എംബസി തുറക്കില്ലെന്ന് ആദിൽ അൽജുബൈർ വ്യക്തമാക്കിയത്. സിറിയയിൽ സൗദി എംബസി തുറക്കുന്ന കാര്യം ഇപ്പോൾ പറയാറായിട്ടില്ല. ദമാസ്‌കസ് സൗദി എംബസി വീണ്ടും തുറക്കുന്നത് സിറിയയിലെ രാഷ്ട്രീയ പ്രക്രിയാ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് സമയമായിട്ടില്ല. യു.എൻ രക്ഷാസമിതി 2254 ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണണം. സിറിയയുടെ അഖണ്ഡതയിലും പരമാധികാരത്തിലും രാഷ്ട്രീയ പ്രക്രിയ വിജയിപ്പിക്കുന്നതിലും സൗദി അറേബ്യക്ക് അതീവ താൽപര്യമുണ്ട്. 
സൗദി അറേബ്യയുമായുള്ള ആയുധ ഇടപാട് കരാർ കാനഡ റദ്ദാക്കിയിട്ടില്ല. ഇതിനു വിരുദ്ധമായി കനേഡിയൻ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ പറയുന്നത് ആഭ്യന്തര തലത്തിലെ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ്. ആയുധ കരാറുമായി കനേഡിയൻ ഗവൺമെന്റ് ശക്തമായി മുന്നോട്ടു പോവുകയാണ്. സിറിയ, യെമൻ, ഫലസ്തീൻ സംഘർഷങ്ങളും തീവ്രവാദവും ഭീകരവാദവും അടക്കമുള്ള പ്രശ്‌നങ്ങളും റഷ്യൻ വിദേശ മന്ത്രിയുമായി താൻ വിശകലനം ചെയ്തിട്ടുണ്ട്. നാലു വർഷത്തിനിടെ സൗദി-റഷ്യ ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
സിറിയയിൽ ഭരണഘടനാ കൗൺസിൽ രൂപീകരിക്കുന്നതിനാണ് നിലവിൽ പ്രധാനമായും റഷ്യ ലക്ഷ്യമിടുന്നതെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു. ഭരണഘടനാ കൗൺസിലിന്റെ രാഷ്ട്രീയ മാനം തീരുമാനിക്കേണ്ടത് സിറിയൻ ജനതയാണ്. യു.എൻ രക്ഷാസമിതി തീരുമാനങ്ങൾ നടപ്പാക്കി മാത്രമേ ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. 
ഫലസ്തീനികൾക്കും ഇസ്രായിലികൾക്കുമിടയിൽ മധ്യസ്ഥ ശ്രമം നടത്തുന്നതിന് റഷ്യ സന്നദ്ധമാണ്. എന്നാൽ ഇത്തരമൊരു മധ്യസ്ഥതക്ക് ഇരു കൂട്ടരും ഒരുക്കമായിട്ടില്ല. സമാധാനപരമായ ആവശ്യങ്ങൾക്കുള്ള സൗദി അറേബ്യയുടെ ആണവ പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നതിന് റഷ്യ ആഗ്രഹിക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.

Latest News