ദുബായ്- മലയാളിയായ സ്കൂള്‍ ജീവനക്കാരന്‍ കാമ്പസിനുള്ളില്‍ ജീവനൊടുക്കിയ സംഭവം കുടുംബത്തേയും സുഹൃത്തുക്കളേയും ഞെട്ടിച്ചു. ജെംസ് ജുമൈറ സ്കൂള്‍ ജീവനക്കാരനായിരുന്ന ഷിബിന്‍ ഗോഡ്‌വിന്‍ ഈ കടുത്ത കൃത്യത്തിന് ഒരുങ്ങാന്‍ എന്താണ് കാരണമെന്ന് ആര്‍ക്കും വ്യക്തമല്ല.
ഗോഡ്‌വിന്റെ സഹോദരനും ഇതേ ഗ്രൂപ്പിന്റെ മറ്റൊരു സ്കൂളില്‍ ജോലി ചെയ്യുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിന്റെ അല്‍ ഖൂസിലെ അക്കൊമഡേഷനിലാണ് ഷിബിന്‍ താമസിച്ചിരുന്നത്. ഈയിടെ ഭാര്യയെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നിരുന്നു. സഹോദരന്റെ കുടുംബത്തിനൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. വാരാന്ത്യത്തില്‍ ഷിബിന്‍ അവരോടൊപ്പമായിരുന്നു താമസം- സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് ദിവസമായി ഷിബിന്‍ വിഷാദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മുറിയില്‍നിന്ന് ആഹാരം കഴിച്ചിരുന്നില്ല. ആരോടും അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു. എന്തെങ്കിലും വിഷമങ്ങളുള്ളതായി പറഞ്ഞിരുന്നില്ല.
മുമ്പൊരിക്കല്‍ ഇദ്ദേഹം ഭാര്യയേയും കുഞ്ഞിനേയും സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നിരുന്നു. ഇത്തവണ ഭാര്യയെ മാത്രമാണ് കൊണ്ടുവന്നത്. ഷിബിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്ക് വലിയ ആഘാതമായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ സ്കൂള്‍ അധികൃതരുമായി ചേര്‍ന്ന് നടത്തുകയാണന്ന് സഹോദരന്‍ പറഞ്ഞു.
ഷിബിന്‍ മരിച്ചു കിടന്ന സ്ഥലത്തേക്ക് ഇന്നലെ കുട്ടികളെ പ്രവേശിപ്പിച്ചില്ല. കുട്ടികള്‍ക്ക് കൗണ്‍സലിംഗിന് ഏര്‍പ്പാടുണ്ടാക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സ്കൂള്‍ അസംബ്ലിയില്‍ ബുധനാഴ്ച ഷിബിനെ അനുസ്മരിക്കുമെന്ന് ജെംസ് ജുമൈറ കോളജ് അധികൃതര്‍ പറഞ്ഞു.






