പെരുന്നാളെന്ന് പറഞ്ഞാൽ സന്തോഷത്തിന്റെ സമയമാണ്. ആഘോഷങ്ങളോടൊപ്പം യാത്ര കൂടിയാകുമ്പോൾ ആ സന്തോഷത്തിനു പതിന്മടങ്ങു മാറ്റ് കൂട്ടുന്നു. കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളും ഞങ്ങൾ പോയിട്ടുണ്ടെങ്കിലും ഈ യാത്രക്കൊരു പ്രത്യേകതയുണ്ടായിരുന്നു. വയനാട് ലക്ഷ്യമാക്കി ഒരു ദിവസ യാത്രയാണ് ഞങ്ങൾ പ്ലാൻ ചെയ്തത് . പക്ഷെ തിരിച്ചെത്താൻ മൂന്നു ദിവസം കഴിഞ്ഞെന്നു മാത്രം, അതായിരുന്നു ഈ യാത്രയുടെ പ്രത്യേകതയും. വാഹനം ഞങ്ങളുടെ ഓരോരുത്തരുടെയും ബൈക്കും , നാല് ബൈക്കുകളിലായി എട്ട് യാത്രക്കാരായിരുന്നു ഞങ്ങൾ. രാവിലെ എട്ട് മണിക്ക് ആരംഭിച്ച യാത്ര കോഴിക്കോടിന്റെ സൗന്ദര്യമായ വയനാട് ചുരത്തിൽനിന്ന് കട്ടൻ ചായയും കൂടിയായപ്പോൾ ഒന്ന് ഉഷാറായി.
മുത്തങ്ങ വന്യ സങ്കേതത്തിലൂടെ ഗുണ്ടിൽപേട്ടിലേക്ക് പോവുകയാണ് ലക്ഷ്യം. ഇരു ചക്രമായതിനാൽ ഒന്ന് റൈഡ് ചെയ്യാനുള്ള ആഗ്രഹമായിരുന്നു ഗുണ്ടിൽപേട്ടിലേക്ക് പോകാനുള്ള കാരണം. റോഡിനിരുവശവും പൂന്തോട്ടങ്ങൾ, കൃഷിയിടങ്ങൾ, മനസ്സിന് കുളിരേകുന്ന കാഴ്ചകൾ, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ് ഗുണ്ടൽപേട്ടിലെ കൃഷിയിടങ്ങൾ. ഇടവിട്ട് ഇടവിട്ട് തണ്ണീർമത്തൻ വിൽപന നടക്കുന്നു. ദാഹം അകറ്റാൻ തണ്ണീർമത്തൻ നല്ലതായതിനാൽ അവ വാങ്ങി കഴിക്കാൻ എല്ലാവരും ഉത്സാഹം കാണിച്ചു. അവിടെ എത്തിയപ്പോഴാണ് പട്ടിനും ചന്ദനത്തിനും പേര് കേട്ട കൊട്ടാരങ്ങളുടെ നഗരമായ മൈസൂർ (മൈസൂരു) വരെ ഒന്ന് പോയാലോ എന്ന ഒരാഗ്രഹം മനസ്സിലേക്ക് കടന്നു വന്നത്.
നാല് മണിയോടെ മൈസൂർ പാലസിന് മുന്നിലെത്തി. വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങി ടിക്കറ്റെടുത്ത് കൊട്ടാര മുറ്റത്തേക്ക് നടന്നു. കൊട്ടാരത്തിൻെറ പുറത്തുനിന്ന് ഫോട്ടോ എടുത്തു. കൊട്ടാരത്തിനകത്ത് ഫോട്ടോയെടുക്കൽ നിരോധിച്ചിട്ടുണ്ട്.
മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിൻെറ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. മൈസൂരിലെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും അംബാ വിലാസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്നതും ഈ കൊട്ടാരമാണ്. വാഡിയാർ രാജാക്കന്മാർ 14ാം നൂറ്റാണ്ടിലാണ് ആദ്യമായി കൊട്ടാരം നിർമിക്കുന്നത്. എന്നാൽ, ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയുമുണ്ടായി. ഇന്നു കാണുന്ന കൊട്ടാരത്തിൻെറ നിർമാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ പണി പൂർത്തിയാവുകയും ചെയ്തു. 1940 കളിൽ ഈ കൊട്ടാരം വീണ്ടും വിപുലീകരിച്ചു. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്‌ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമായ ഈ കൊട്ടാരം ഇൻഡോ സാർസനിക് വാസ്തുശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. ശരത്കാലത്ത് നടക്കുന്ന ദസറ മഹോത്സവത്തിൻെറ പ്രധാന വേദി ഈ കൊട്ടാരമാണ്. വലിയൊരു ഉദ്യാനത്താൽ ചുറ്റപ്പെട്ടിരിക്കുന്നതും കാഴ്ചക്ക് ഭംഗി വർധിപ്പിക്കുന്നു.
ഇവ കണ്ടിറങ്ങി പിന്നിലോട്ട് നടന്നാൽ പഴയ കൊട്ടാരം കാണാം. ഇന്ന് മ്യൂസിയമായാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനകത്തേക്ക് കയറാൻ വീണ്ടും ടിക്കറ്റെടുക്കണം. രാജഭരണ കാലത്തെ ആയുധങ്ങൾ, പല്ലക്കുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഇതിനകത്തുള്ളത്. ഈ കൊട്ടാരം കൂടാതെ മറ്റു ആറു കൊട്ടാരങ്ങളും മൈസൂരിലുണ്ട്. ജഗൻമോഹൻ പാലസ്, ജയലക്ഷ്മി വിലാസ്, ലളിത മഹൽ, രാജേന്ദ്ര വിലാസ്, ചെലുവമ്പ, കരഞ്ചി വിലാസ് എന്നിവയാണ് രാജാക്കൻമാർ വിവിധ കാലങ്ങളിലായി പണികഴിപ്പിച്ച കൊട്ടാരങ്ങൾ. ഇതിൽ പലതും ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളായി മാറി.
അടുത്ത ലക്ഷ്യസ്ഥാനം കൃഷ്ണരാജ സാഗര ഡാമും ബൃന്ദാവൻ ഗാർഡനുമാണ്. മൈസൂർ ടൗണിൽനിന്ന് 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഈ പൂന്തോട്ടവും ഡാമും. കാവേരി നദിയിൽ 1924ലാണ് കൃഷ്ണരാജ സാഗര ഡാമിന്റെ നിർമാണം ആരംഭിക്കുന്നത്. മൈസൂരുവിലെയും മാണ്ഡ്യയിലെയും കൃഷിക്ക് ആവശ്യമായ വെള്ളം ഈ ഡാമിൽനിന്ന് ലഭിക്കുന്നു. കൂടാതെ ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിന്റെ കുടിവെള്ള സ്രോതസ്സും ഈ ഡാം തന്നെ. ഇതിനോട് ചേർന്ന് 1932ലാണ് ബൃന്ദാവൻ ഗാർഡൻ നിർമിച്ചത്. 60 ഏക്കറുകളിലായി പരന്നു കിടക്കുകയാണ് ഉദ്യാനം. രാത്രിയിലെ മ്യൂസിക്കൽ ഫൗണ്ടനാണ് (ജലനൃത്തം) ഇവിടത്തെ പ്രധാന ആകർഷകങ്ങളിലൊന്ന്.
അടുത്ത ലക്ഷ്യം ചാമുണ്ടി ഹിൽസായിരുന്നു വൈകിയാണെങ്കിലും അങ്ങോട്ട് യാത്രതിരിച്ചു. മൈസൂർ നഗരത്തിൽനിന്ന് 13 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. വളവുകൾ നിറഞ്ഞ റോഡിലൂടെ മുകളിലോട്ട് കയറുമ്പോൾ താഴെ മൈസൂർ നഗരം വെട്ടിത്തിളങ്ങി നിൽക്കുന്നത് കാണാം. രാത്രിയിലെ തണുത്ത കാറ്റും ഉറക്കത്തിന്റെ തുടക്കവുമായപ്പോൾ ഞങ്ങൾ മലയിറങ്ങി റൂം എടുത്ത് ഉറങ്ങി.
മൈസൂരു മൃഗശാലയായിരുന്നു രണ്ടാം ദിവസത്തെ ആദ്യ ലക്ഷ്യം. രാവിലെ ഒമ്പത് മണിക്ക് തന്നെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുമ്പിൽ ആളുകൾ നിറഞ്ഞിരുന്നു. നഗരമധ്യത്തിൽ 157 ഏക്കറുകളിലായി പരന്നുകിടക്കുകയാണ് മൃഗശാല. മൈസൂർ രാജാവിന്റെ സഹായത്തോടെ 1892ൽ പത്ത് ഏക്കറിലായിട്ടാണ് ഇതിന്റെ പ്രവർത്തനം തുടങ്ങുന്നത്. മൂന്ന് കിലോമീറ്ററിലേറെ ദൂരം വരുന്ന പാതക്ക് ഇരുവശവുമാണ് മൃഗങ്ങളുടെ കൂടുകളും വാസസ്ഥലവും ഒരുക്കിയിട്ടുള്ളത്.
അടുത്ത യാത്ര സെൻറ് ഫിലോമിനാസ് ചർച്ചിലോട്ടായിരുന്നു. നഗര മധ്യത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണിത്. 1936ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ചർച്ച് നിർമിച്ചത്. ജർമനിയിലെ കൊളോൺ കത്തീഡ്രലിൻെറ മാതൃകയാണ് നിർമാണത്തിൽ പിൻപറ്റിയിട്ടുള്ളത്.
അവിടെ നിന്ന് ഇറങ്ങി ടിപ്പു സുൽത്താൻ മൈസൂർ ഭരിച്ചിരുന്ന കാലത്തെ തലസ്ഥാനമായ ശ്രീരംഗപട്ടണം ലക്ഷ്യമാക്കി യാത്ര തുടർന്നു. മൈസൂരിൽനിന്ന് 16 കിലോമീറ്റർ ദൂരമുണ്ട് ശ്രീരംഗപട്ടണത്തിലേക്ക്. കാവേരി നദിയുടെ തീരത്താണീ പൈതൃക നഗരം. ആദ്യം സന്ദർശിച്ചത് ടിപ്പുസുൽത്താൻെറ വേനൽക്കാല കൊട്ടാരമായ ദരിയ ദൗലത്ത് പാലസാണ്. 1784ലാണ് കൊട്ടാരം നിർമിക്കുന്നത്. നാലുഭാഗത്തും പരന്നുകടക്കുന്ന പൂന്തോട്ടത്തിന് നടുവിലാണ് ഈ ചെറിയ കൊട്ടാരം. തേക്ക് മരമാണ് നിർമാണത്തിന് ഭൂരിഭാഗവും ഉപയോഗിച്ചിട്ടുള്ളത്. ഇന്നിത് ടിപ്പുസുൽത്താൻെറ ജീവിതം പറയുന്ന മ്യൂസിയമാണ്. കൊട്ടാരത്തിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് ടിപ്പു സുൽത്താൻെറയും പിതാവ് ഹൈദരലിയുടെയും ഖബറുകളുള്ള ഗുംബസ് സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷുകാരുടെ വാളാൽ 1799ലെ യുദ്ധത്തിൽ ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട സ്ഥലത്തേക്കാണ് അതിനുശേഷം ഞങ്ങൾ യാത്ര തിരിച്ചത്. മൈസൂരു - ബംഗളൂരു നാലുവരിപ്പാത മുറിച്ചുകടന്നാൽ ശ്രീരംഗപട്ടണത്തിലെ പഴയ കോട്ട കാണം. കോട്ട കഴിഞ്ഞാൽ എത്തുന്നത് ജുമാമസ്ജിദിൽ. അവിടെനിന്ന് 100 മീറ്റർ ദൂരമുണ്ട് ടിപ്പു മരിച്ചുകിടന്ന സ്ഥലത്തേക്ക്.
ഇനി എങ്ങോട്ട് എന്നാലോചിക്കുമ്പോഴാണ് ബംഗളൂരു വണ്ടർ ലാ മനസ്സിലേക്ക് കടന്നുവരുന്നത്. ഞങ്ങൾ ബംഗളൂരു ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒന്നുറങ്ങി എഴുന്നേറ്റ് രാവിലെ പത്തു മണിക്ക് വണ്ടർ ലാ ലക്ഷ്യമാക്കി പുറപ്പെട്ടു. വലിയൊരു അമ്യൂസ്‌മെന്റ് പാർക്ക് മറക്കാനാവാത്ത പല അനുഭവങ്ങളും നൽകി. വൈകീട്ട് അവിടെ നിന്നിറങ്ങി ബംഗളൂരു സിറ്റി കറങ്ങി അതിനുശേഷം മെട്രോ ട്രെയിനിൽ ഒരു യാത്രയും നടത്തിയപ്പോഴേക്കും രാത്രിയായിരുന്നു.
ചെക്ക് പോസ്റ്റുകൾ രാത്രി അടക്കുന്നതിനാൽ പെട്ടെന്നുതന്നെ മടക്കയാത്ര ആരംഭിച്ചു. പക്ഷെ മൈസൂരു എത്തുമ്പോഴേക്കും ചെക്ക് പോസ്റ്റുകൾ അടച്ചിരുന്നു. അപ്പോൾ രാത്രിയാത്രയുള്ള വഴി തേടിപോയെങ്കിലും വഴി തെറ്റി ബാവലി കാടിനടുത്തെത്തി. അവിടെ ചെക്ക് പോസ്റ്റിനടുത്ത് രാത്രിയുറക്കം കഴിച്ചുകൂട്ടി അവിടെ നിന്ന് രാവിലെ മാനന്തവാടി വഴി നാട്ടിലേക്ക് യാത്ര തിരിച്ചു.






