ടൂറിസത്തിൽ വളരെയധികം ചരിത്രപ്രാധാന്യമുള്ള മണ്ണാണ് കിഴക്കൻ ഏറനാട്. ഫലഭൂയിഷ്ഠമുള്ള മണ്ണും കണ്ണും മനവും കുളിർക്കുന്ന കാലാവസ്ഥയും ഹരിതഭംഗിയുടെ ധാരാളിത്തത്താൽ തലയുയർത്തി നിൽക്കുന്ന പശ്ചിമഘട്ടത്തിന്റെ കാവലായി ഉയർന്നു നിൽക്കുന്ന മലകളും കുന്നുകളുമെല്ലാം ഈ പ്രദേശങ്ങൾക്ക് ടൂറിസം ഭൂപടത്തിൽ വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു.
നിലമ്പൂരിനേയും കിഴക്കൻ ഏറനാടിനേയും അറിയുക എന്നു പറഞ്ഞാൽ കിഴക്കൻ മലകളേയും അവിടത്തെ പ്രകൃതി ഭംഗിയേയും മലമടക്കുകളുടെ താഴ്വാരത്ത് ജീവിതം തള്ളി നീക്കുന്ന കാടിന്റെ മക്കളുടെ ജീവിതത്തേയും അറിയുക എന്നു തന്നെയാണ്.
പെയ്യാനറച്ചു നിൽക്കുന്ന മഴ മേഘങ്ങൾ പശ്ചിമഘട്ടത്തിനു മുകളിൽ കാർവർണ്ണത്തിൽ മൂടിക്കെട്ടി നിന്നിരുന്ന ഒരു പുലരിയിലാണ് ഞങ്ങൾ ചിങ്കക്കല്ല് കോളനിയെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. ഞങ്ങൾ എന്നത് ഒരു വലിയ സംഘമേയല്ല. മണ്ണിനേയും മനുഷ്യരേയും മലകളേയും അറിയാനും ആസ്വദിക്കാനും കൊല്ലം പെരുനാട്ടിൽ നിന്നും വിരുന്നെത്തിയ പ്രകൃതി സ്നേഹിയായ യശോധരൻ മാഷും ഞാനും മാത്രമടങ്ങുന്ന ഇരുവർ സംഘം.
മലയോര പട്ടണമായ കാളികാവിൽ നിന്നും ഉദ്ദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ആസ്പിൻവാൾ കമ്പനിയുടെ കേരളത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ റബ്ബർ എസ്റ്റേറ്റായ പുല്ലങ്കോട് എസ്റ്റേറ്റും പിന്നിടുന്നതോടെയാണ് നമ്മൾ കല്ലാമുലയിൽ എത്തുക. നിലമ്പൂർ - പെരുമ്പിലാവ് മലയോര ഹൈവേയിൽ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും വള്ളിപ്പൂള, മരുതം കാട് വഴി മലമ്പ്രദേശത്തുകൂടെ അഞ്ചു കിലോ മീറ്ററോളം വാഹനമോടിച്ചു ചെന്നാൽ എത്തുന്ന ദൂരമേയുള്ളു ചിങ്കക്കല്ല് കോളനിയിൽ എത്താൻ.
ഒന്നര കിലോമീറ്ററോളം ദൂരം വാഹനയോഗ്യമല്ലാത്ത കാട്ടുപ്രദേശമായതിനാൽ ഉരുളൻ കല്ലുകളേയും കാട്ടുചോലകളേയും ഒക്കെ താണ്ടി വേണം കാൽനടയായി ചിങ്കക്കല്ല് കോളനിയിലെത്താൻ. ഇടക്കൊക്കെ മാവോയിസ്റ്റുകൾ കോളനിയിലെത്തി ആദിവാസികളിൽ നിന്നും വെള്ളവും മറ്റും ചോദിച്ചു വാങ്ങുന്നു എന്ന തരത്തിൽ ഇവിടെയുള്ള പ്രാദേശിക ചാനലുകളും ദിനപത്രങ്ങളും അടിക്കടി വാർത്തകൾ കൊടുക്കാൻ തുടങ്ങിയത് ഒരർത്ഥത്തിൽ ഈ കോളനിയിലുള്ള പതിനാല് കുടുംബങ്ങൾക്ക് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്. ഇപ്പോൾ കോളനിയുടെ വീടുമുറ്റം വരെ എത്തുന്ന തരത്തിൽ റോഡുപണി തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു.
കോട മൂടിയ മലയിൽ കൂറ്റൻ പാറകൾ മഞ്ഞിൽ പുതഞ്ഞ് ഉയർന്നു നിൽക്കുന്ന കോഴിപ്ര മലയുടെ തൊട്ടു താഴെയാണ് ചിങ്കക്കല്ല് കോളനി. കൊടും വേനലായിട്ടും സ്ഫടിക ജലം ഉരുളൻ പാറക്കല്ലുകളെ തഴുകി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ തീരം കൂടിയാണ് ഈ കോളനി. മേഘക്കൂട്ടങ്ങളും പാറക്കൂട്ടങ്ങളും ആകാശത്തെ ഉമ്മ വെക്കാൻ വെമ്പൽകൂട്ടുന്ന ഈ മലയുടെ ചെരിവുകളെ ഗറില്ലാ താവളമാക്കിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും സംഘവും 1921ൽ ബ്രിട്ടീഷുഭരണത്തോട് ഏറ്റുമുട്ടി മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ധീരതയുടെ അധ്യായങ്ങൾ എഴുതി ചേർത്തത്. ചരിത്രം അടയിരിക്കുന്ന മലയുടെ ഉച്ചിയിലേക്ക് നോക്കി കുറച്ച് സമയം ഞങ്ങളും നിർന്നിമേഷമായി മൗനം പൂണ്ടുനിന്നു.
മലയെ അടുത്ത് നിന്ന് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഞങ്ങളോട് കോളനിയിൽ നിന്നും പരിചയത്തിലായ ആദിവാസി വയോധിക ആനകളെ സൂക്ഷിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് തന്നിരുന്നു. അതുകൊണ്ട് തന്നെ മലയോട് കൂടുതൽ അടുക്കാതെ പാറക്കെട്ടുകളിലെ ഗുഹകളേയും കുത്തിയൊഴുകുന്ന കാട്ടാറിന്റെ കളകളാരവങ്ങളേയും കണ്ണുകൊണ്ടും കാതുകൊണ്ടും ആസ്വദിച്ച് ഞങ്ങൾ കോളനിയിലെ കുടിലുകളുടെ മുറ്റത്തേക്ക് തന്നെ നടന്നെത്തി.
മടക്കത്തിൽ ആനകൾ വെള്ളം കുടിക്കാനെത്തുന്ന വഴികളിൽ ആനപ്പിണ്ടങ്ങൾ കൂടി കാണാൻ തുടങ്ങിയതോടെ കാഴ്ചകളുടെ ലഹരിയോടൊപ്പം ഭയത്തിന്റെ ചെറിയ അനുരണനങ്ങളും ഞങ്ങളെ പിടികൂടിത്തുടങ്ങിയിരുന്നു. നീലി പറഞ്ഞു തുടങ്ങിയ അവരുടെ ജീവിത കഥകളിൽ പരിഭവങ്ങളും പരാതികളും ഏറെയുണ്ടായിരുന്നുവെങ്കിലും പൊതുവേ ഈ കാട്ടു ജീവിതത്തിൽ ചിങ്കക്കല്ല് കോളനിയിലെ ആദിവാസികൾ സംതൃപ്തരാണെന്നതാണ് സത്യം . അവരുടെ ചെറിയ വീടുകൾക്ക് മേൽ എപ്പോഴും നിലംപൊത്താറായ നിലയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ ഇപ്പോൾ ഇവരുടെ ഉറക്കം കെടുത്തുന്നു. പുറത്ത് പ്രചരിക്കുന്ന രീതിയിലുള്ള മാവോയിസ്റ്റ് സാന്നിധ്യവും ഭീഷണിയും ഒന്നും ചിങ്കക്കല്ല് നിവാസികളെ അലട്ടുന്ന ഒന്നേയല്ലെന്നാണ് നീലിയുടെ പക്ഷം-അതൊക്കെ അങ്ങ് മറ്റേ കോളനിയിൽ-
മലയുടെ അപ്പുറത്തേക്ക് ചൂണ്ടി നീലി നിസ്സംഗതയോടെയാണങ്ങനെ പറഞ്ഞത്. നീലിയുടെ സംസാരത്തിൽനിന്നും മനസ്സിലായത് ഈ കോളനിവാസികളിൽ പലരും അങ്ങ് ദൂരെ അട്ടപ്പാടി കോളനിയിലുള്ളവരുമായി കുടുംബ ബന്ധം സ്ഥാപിക്കുന്നവരാണ് എന്നാണ്.
താഴെ വണ്ടി നിറുത്തിയിട്ട ഇടത്തേക്ക് മലയിറങ്ങുമ്പോൾ അങ്ങിങ്ങ് കളിയിലേർപ്പെട്ട ആദിവാസി കുഞ്ഞുങ്ങൾ ഞങ്ങളെ സാകൂതം നോക്കുന്നുണ്ടായിരുന്നു. അടുത്ത് കണ്ട പല കുട്ടികളോടും നിങ്ങൾ സ്കൂളിൽ പോവുന്നുണ്ടോ എന്ന ചോദ്യത്തിന് ഒട്ടുമിക്ക കുട്ടികളും അതെ എന്നു തന്നെയാണ് ഉത്തരം നൽകിയത്.
ചിങ്കക്കല്ലിലെ ആദിവാസികൾ കുറെയൊക്കെ നാട്ടിലെ പരിഷ്കൃതരോട് ഇടപഴകി ജീവിക്കുന്നതിൽ തെറ്റുകാണുന്ന വരല്ല. എന്നാലും ഒരകലം, നാടും കാടും തമ്മിലുള്ള ഏതു കാലത്തേയും അകലം. അത് അവരിൽ നിന്നും വിട്ടു പോവുമെന്നും തോന്നുന്നില്ല. കാടിനേയും കാടിന്റെ വന്യതയേയും കാട് സംരക്ഷിക്കുന്ന ശുദ്ധമായ തെളിനീരൊഴുകുന്ന കാട്ടുചോലയേയും മാത്രമല്ല സൗമ്യരും നിഷ്ക്കളങ്കരുമായ ഒരു പറ്റം കാട്ടിന്റെ മക്കളേയും കണ്ടും കേട്ടും മടങ്ങാൻ അവസരമൊരുങ്ങുന്ന ഒന്നാവും ചിങ്കക്കല്ല് കോളനിയിലേക്കുള്ള യാത്ര എന്ന് നിസ്സംശയം പറയാം.






