ന്യൂദൽഹി- ദൽഹിയിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയുണ്ടാകുമെന്ന് സൂചന. ആം ആദ്മിയുമായുള്ള സഖ്യത്തിന് വീണ്ടും സാധ്യത തേടി ഇന്ന് ഉച്ചയോടെ ദൽഹി കോൺഗ്രസ് ചീഫ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ദൽഹിയിലെ ഏഴ് മണ്ഡലങ്ങളിലെ ആറിലും കഴിഞ്ഞദിവസം ആം ആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ദൽഹിയിൽ കോൺഗ്രസിന് രണ്ടു സീറ്റ് വാഗ്ദാനം ചെയ്ത ആം ആദ്മി പഞ്ചാബിലും സഖ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മൂന്നു സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ദൽഹിയിൽ കൂടുതൽ സീറ്റ് നൽകുന്നതിന് പകരം പഞ്ചാബിൽ സമാന സീറ്റ് അനുവദിക്കണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. 2014-ൽ പഞ്ചാബിൽ ആം ആദ്മി നാലു സീറ്റുകൾ നേടിയിരുന്നു. 2014-ൽ ദൽഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പിയാണ് സ്വന്തമാക്കിയത്. എന്നാൽ തൊട്ടടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി എഴുപതിൽ 67 സീറ്റുകളും സ്വന്തമാക്കി. കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചില്ല. അതിനിടെ, ദൽഹിയിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യത്തിലേർപ്പെടാമെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. എന്നാൽ ദൽഹിയിൽ തനിച്ചുമത്സരിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. തൊട്ടടുത്ത ദിവസം തന്നെ സഖ്യത്തിനുള്ള സാധ്യത കോൺഗ്രസ് അടച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. പുൽവാമയിലുണ്ടായ ഭീകരാക്രമണവും ഇതുവഴി നേട്ടമുണ്ടാക്കാമെന്ന ബി.ജെ.പി ക്യാമ്പിന്റെ ആത്മവിശ്വാസവുമാണ് പ്രതിപക്ഷം പുതിയ സാധ്യത തേടുന്നതിന് കാരണമാകുന്നത്. അതിനിടെ, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലാകാനുള്ള സാധ്യതയും കോൺഗ്രസ് തേടുന്നുണ്ട്. എൻ.സി.പി നേതാവ് ശരദ് പവാറിന്റെ ആവശ്യപ്രകാരമാണിത്.