പാക്കിസ്ഥാന്‍ മന്ത്രിയുടെ ഹിന്ദു വിരുദ്ധ പരാമര്‍ശം: നടപടി എടുക്കുമെന്ന് ഇംറാന്‍ ഖാന്റെ പാര്‍ട്ടി

ഇസ്ലാമാബാദ്- ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ മന്ത്രി ഫയാസുല്‍ ഹസന്‍ ചൊഹാനെതിരെ സ്വന്തം പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സ്ഥാപിച്ച പാര്‍ട്ടിയായ ഭരണകക്ഷി പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് മന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നതായാണ് റിപോര്‍ട്ട്. ഈയിടെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഹൈന്ദവരെ ഗോമൂത്ര പാനികള്‍ എന്നു വിശേഷിപ്പിച്ചതാണ് വിനയായത്. മുസ്ലിംകളെക്കാള്‍ ഏഴിരട്ടി മികച്ചതാണെന്ന തരത്തില്‍ പെരുമാറരുത്. ഞങ്ങള്‍ക്കുള്ളത്, വിഗ്രഹ പൂജകരായ നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാകില്ല- എന്നും മന്ത്രി പറഞ്ഞതായി സമാ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്തു വന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ മന്ത്രി ഫയാസുല്‍ ഹസന്റെ പ്രസ്താവനക്കെതിരെ മനുഷ്യാവകാശ മന്ത്രി ശിരീന്‍ മസാരി ശക്തമായി പ്രതികരിക്കുകയും അപലപിക്കുകയും ചെയ്തു. മറ്റുള്ളവരെ മതത്തെ ആക്രമിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. നമ്മുട ഹിന്ദു പൗരന്മാരും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ സന്ദേശം സഹിഷ്ണുതയും ബഹുമാനവും ഊന്നിപ്പറയുന്നതാണെന്നും മന്ത്രി ശിറീന്‍ പറഞ്ഞു.

പഞ്ചാബ് മന്ത്രി ഫയാസുല്‍ ഹസന്റെ ഹിന്ദു സമുദായത്തിനെതിരായ അവഹേളനപരമായ പ്രസ്താവനക്കെതിരെ കര്‍ശന നടപടി വേണ്ടതാണ്. സര്‍ക്കാരിലെ ഒരു മുതിര്‍ന്ന അംഗത്തില്‍ നിന്നും ഇത്തരത്തിലുള്ള ബുദ്ധിശൂന്യ പരാമര്‍ശങ്ങള്‍ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി നഈമുല്‍ ഹഖ് ഒരു ട്വീറ്റില്‍ വ്യക്തമാക്കി.

Latest News