Sorry, you need to enable JavaScript to visit this website.

മാതു മലയാളത്തിലേക്ക് വീണ്ടും 

കോട്ടയം: അമരത്തിലെ മുത്ത് ആയി മലയാളികളുടെ പ്രിയ താരമായി മാറിയ മാതു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതുവിന്റെ രണ്ടാംവരവ്. സിനിമയില്‍ നിന്നും വിട്ടുനിന്ന സമയത്ത് താന്‍ മലയാള സിനിമയെ നന്നായി മിസ്സ് ചെയ്തിരുന്നുവെന്ന് മാതു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം ഫാമിലി ലൈഫ് ആസ്വദിക്കണം എന്നൊക്കെ കരുതിയാണ് വിട്ടുനിന്നത്. പല ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നെങ്കിലും കുടുംബ ജീവിതത്തിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.
ഇപ്പോള്‍ മക്കള്‍ വളര്‍ന്നു. ഈ തിരിച്ചുവരവിലാണ് മലയാളസിനിമയെ എത്രത്തോളം മിസ്സ് ചെയ്തിരുന്നു എന്ന് മനസ്സിലാവുന്നത്. മൂന്നു സഹോദരിമാരും അവരുടെ അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നായകന്റെ സഹോദരിയുടെ വേഷത്തിലാണ് മാതു എത്തുന്നത്. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയന്‍കുഞ്ഞ്, ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍ യാദൃച്ഛിമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളുമാണ് ചിത്രം പറയുന്നത്. രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ അമേരിക്കയാണ്. തന്റെ വീട്ടില്‍ നിന്നും ലൊക്കേഷനിലേക്ക് അധികം ദൂരമില്ല എന്നതു കൂടിയാണ് പടം ചെയ്യാനുള്ള മറ്റൊരു കാരണം എന്ന് മാതു പറയുന്നു. 
അമേരിക്കയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് താരമിപ്പോള്‍.വിനു എബ്രഹാം ആണ് അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.. സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സലില്‍ ശങ്കരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest News