അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികള്‍ നേടി വീണ്ടും മലയാളി. കുവൈത്തില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി മാവേലിക്കുളത്ത് റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹം ലഭിച്ചത്. (23 കോടിയിലേറെ രൂപ).
കോടികളുടെ സമ്മാനം ലഭിച്ച വിവരം അറിയിച്ചുള്ള ഫോണ്‍ വ്യാജ കോളെന്നാണ് റോജി ആദ്യം വിചാരിച്ചത്. പ്രതീക്ഷയോടെയാണ് എല്ലാവരും ടിക്കറ്റെടുക്കുന്നതെങ്കിലും ഈ വിളി അപ്രതീക്ഷിതമായിരുന്നുവെന്ന് 12 വര്‍ഷമായി കുവൈത്തിലെ ഹെയ്‌സകൊ കണ്‍സ്ട്രക്ഷന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ പര്‍ച്ചെയ്‌സിങ് സൂപ്പര്‍വൈസറായ റോജി ജോര്‍ജ് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച ആലോചനയിലാണ് കുറേ നാളായി റോജി. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ക്രിസ്റ്റി എലിസബത്തിന്റെ പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാനാണ് പദ്ധതി. നേരത്തെ പ്ലസ് ടു കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും സമ്മാനം കിട്ടിയതോടെ നേരത്തെ മടങ്ങാന്‍ ആഗ്രഹിക്കുകയാണെന്ന് റോജി പറഞ്ഞു.
ഭാര്യ എലിസബത്ത് വര്‍ഗീസ് കുവൈത്തിലെ ഇബ്ന്‍ സീന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.
ഓണ്‍ലൈനിലൂടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ഇദ്ദേഹത്തിന് ആറാം തവണ എടുത്ത മൂന്നു ടിക്കറ്റുകളില്‍ ഒന്നാണ് സമ്മാനമടിച്ചത്.