മലപ്പുറം - കാസർകോട് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി എത്തുന്നതോടെ വടക്കൻ കേരളത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് ഉണരും. ഈ മാസം 12 നാണ് രാഹുൽ ഗാന്ധി കാസർകോട്ട് എത്തുന്നത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിന് പുറമെ മറ്റെന്തെല്ലാം ചടങ്ങിലാണ് അദ്ദേഹം പങ്കെടുക്കുകയെന്ന് വ്യക്തമായിട്ടില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനം സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചാരണ പരിപാടിയാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരെ കാസർകോട്ട് എത്തിക്കാൻ നേതൃത്വം ആലോചിക്കുന്നുണ്ട്.
കല്യോട്ട് സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മരണം പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രധാന വിഷയമാക്കി മാറ്റാനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ശക്തമാക്കി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഈ പ്രശ്നം സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങൾക്കിടയിൽ ഉയർത്തിക്കൊണ്ടു വരാനുമാണ് കെ.പി.സി.സിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഈ മാസം ഏഴിന് സായാഹ്ന ധർണ നടത്താൻ കെ.പി.സി.സി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചിന് കല്യോട്ട് വെച്ച് അമ്മ മനസ്സ് എന്ന പേരിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് ഈ സംഗമം ആസൂത്രണം ചെയ്യുന്നത്.
കല്യോട്ട് ഇരട്ടക്കൊലപാതകം ഇത്തവണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളിയാകും. യു.ഡി.എഫും ബി.ജെ.പിയും ഈ പ്രശ്നം എൽ.ഡി.എഫിനെതിരെ ഉയർത്തിക്കൊണ്ടുവരും. പാർലമെന്റിലെ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റുകളായ കാസർകോട്, വടകര, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ മുന്നണിക്ക് വോട്ട് ചോർച്ചയുണ്ടാക്കാൻ ഈ വിഷയം ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ പാർട്ടി അംഗത്തിനെതിരെ നടപടിയെടുത്തെങ്കിലും എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് ഇതുകൊണ്ടാകില്ല.
രാഹുൽ ഗാന്ധിയുടെ കാസർകോട് സന്ദർശനം സംസ്ഥാന തലത്തിൽ തന്നെ അണികളെ ഉണർത്താനായി കോൺഗ്രസ് നേതൃത്വം ഉപയോഗപ്പെടുത്തും. രാഹുൽ ഗാന്ധി എത്തുമ്പോഴേക്ക് സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഏകദേശ ധാരണകളുണ്ടാകുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കമായി രാഹുൽ ഗാന്ധിയുടെ സന്ദർശനം മാറിയേക്കും.






