Sorry, you need to enable JavaScript to visit this website.

നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ല, നല്‍കേണ്ടത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്ക്- ഇമ്രാന്‍ ഖാന്‍

ദുബായ്- ഇന്ത്യ പാക് അതിര്‍ത്തി സംഘര്‍ഷം യുദ്ധത്തിലേക്ക് എത്താതെ സംയമനം പാലിക്കുകയും സമാധാന സാധ്യതകള്‍ തേടുകയും ചെയ്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്ഥാനില്‍ മുറവിളി. എന്നാല്‍ വിനയത്തോടെ ഇമ്രാന്‍ ഖാന്‍ അത് തള്ളിക്കളയുന്നു. താന്‍ അതിന് അര്‍ഹനല്ലെന്ന് ഇമ്രാന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ നൊബേല്‍ സമ്മാനം നല്‍കണമെന്ന സോഷ്യല്‍ മീഡിയയില്‍ കാംപെയ്ന്‍ നടക്കുകയുണ്ടായി. ഒപ്പുശേഖരിച്ച് നൊബേല്‍ പുരസ്കാര സമിതിക്ക് അയക്കാനും ശ്രമം തുടരുന്നു. സംഘര്‍ഷം കൈകാര്യം ചെയ്ത ഇമ്രാന്‍ ഖാന്റെ രീതി പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാക് ദേശീയ അസംബ്ലിയില്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ഇതിന് പിന്നില്‍.
ഇതെല്ലാം കണ്ട്, ഇമ്രാന്‍ ഇന്ന് ട്വിറ്ററില്‍ കുറിച്ചു: ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനല്ല. കശ്മീരി ജനതയുടെ അഭിലാഷമനുസരിച്ച് കശ്മീര്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുകയും ഉപഭൂഖണ്ഡത്തില്‍ സമാധാനത്തിന് വഴിമരുന്നിടുകയും ചെയ്യുന്നതാരോ അവര്‍ക്കാണ് നൊബേല്‍ സമ്മാനം നല്‍കേണ്ടത്.  
ഇമ്രാന്റെ ഈ പ്രതികരണം തന്നെ നല്ല നേതാവിന്റെ ലക്ഷണമാണെന്നും അതിനാല്‍ സമ്മാനം അദ്ദേഹത്തിന് നല്‍കണമെന്നും അനുയായികള്‍ പറയുന്നു.

 

Latest News