വിമാനത്തിലെ ഭക്ഷണം മോഷ്ടിച്ചതിന് നാല് എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കെതിരെ നടപടി

ന്യൂദല്‍ഹി- വിമാനങ്ങളില്‍ വിളമ്പാത്ത ഭക്ഷണങ്ങള്‍ മോഷ്ടിച്ചതിന് എയര്‍ ഇന്ത്യ നാലു ജീവനക്കാര്‍ക്കെതിരെ അച്ചടക്കി നടപടി സ്വീകരിച്ചു. വ്യക്തിപരമായ ആവശ്യത്തിന് വിമാനങ്ങളിലെ വിളമ്പാത്ത ഭക്ഷണങ്ങളും റേഷനും ഗ്രൗണ്ട് സ്റ്റാഫും മറ്റു ഉദ്യോഗസ്ഥരും എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് 2017 ഓഗസ്റ്റില്‍ എയര്‍ ഇന്ത്യ എംഡി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ നാലു പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

വിമാനത്തില്‍ ബാക്കിയായ ഭക്ഷണം മോഷ്ടിച്ച കാറ്ററിങ് വകുപ്പിലെ രണ്ടു ജീവനക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമെതിരയാണ് നടപടി എടുത്തത്. കാറ്ററിങ് വകുപ്പിലെ ഒരു അസിസ്റ്റന്റ് മാനേജരേയും സീനിയര്‍ അസിസ്റ്റന്റിനേയും 63 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ന്യൂദല്‍ഹി-സിഡ്‌നി വിമാനത്തിലെ ക്യാബിന്‍ ക്രൂ ആയിരുന്ന രണ്ടു പേരെ രാജ്യാന്തര സര്‍വീസുകളില്‍ നിന്ന് വിലക്ക് ആഭ്യന്തര സര്‍വീസ് ജോലിയിലേക്ക് തരംതാഴ്ത്തിയെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

Latest News