കൊല്ലം- ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി ജയരാജനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ആവർത്തിക്കുമ്പോഴും ഇക്കാര്യം നിഷേധിച്ച് കുടുംബം. അതിനിടെ കൊലക്കേസ് പ്രതി ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനല്ലെന്നും ഇയാൾ ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും സഹോദരൻ സുലൈമാൻ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഇയാളെ ആരെങ്കിലും കോൺഗ്രസ് പ്രവർത്തകനാക്കിയതാണോ എന്ന കാര്യം അറിയില്ലെന്നും സുലൈമാൻ പറഞ്ഞു. വധത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് ഷാജഹാൻ പോലീസിന് മൊഴി നൽകി. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു ഷാജഹാൻ ഇക്കാര്യം പരസ്യമായി പറഞ്ഞത്. തന്നെ തെറിവിളിച്ചതിലുള്ള പ്രതികാരമായിരുന്നു കൊലപാതകം. അതേസമയം, രാഷ്ട്രീയവിരോധവും കൊലപാതകത്തിന് കാരണമായെന്നാണ് എഫ്.ഐ.ആർ. മരച്ചീനി വിൽപ്പനയുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് എഴുപതുകാരനായ ബഷീറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കടയ്ക്കൽ ചന്തയിലെ മരച്ചീനി വിൽപ്പനക്കാരനായിരുന്ന ബഷീർ സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു.






