നടുക്കം മാറാതെ ദൃക്‌സാക്ഷികൾ
മുംബൈ- കുർള റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആ കാഴ്ച കണ്ടവർക്കൊന്നും ഇപ്പോഴും നടുക്കം മാറിയിട്ടുണ്ടാവില്ല. കൗമാരക്കാരിയായ പെൺകുട്ടിയെ ട്രെയിൻ ഇടിച്ചിട്ട ശേഷം ട്രാക്കിലൂടെ ഓടുന്നു. പ്ലാറ്റ്‌ഫോമിലാകെ കൂട്ട നിലവിളിയും അലർച്ചയും. ബ്രേക്ക് ചെയ്ത് നിർത്തിയ ട്രെയിനിനടിയിൽപെട്ട് പെൺകുട്ടി ചതഞ്ഞരഞ്ഞിട്ടുണ്ടാവുമെന്ന് കരുതി ഓടിയെത്തിയവർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നു മാത്രമല്ല, ഇടതു കണ്ണിൽ നിസ്സാര പരിക്കേറ്റതൊഴിച്ചാൽ ശരീരത്തിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. പ്ലാറ്റ്‌ഫോമിലെ സി.സി.ടി.വി ചിത്രീകരിച്ച പുനർജന്മത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

പെൺകുട്ടിയെ ട്രെയിൻ ഇടിക്കുന്നു.
മെയ് പതിമൂന്നിനാണ് സംഭവം. ഒരു സുഹൃത്തിനെ കാണാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പത്തൊമ്പതുകാരിയായ പ്രതീക്ഷ നടേക്കറാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. മൊബൈൽ ഫോണിന്റെ ഇയർ ഫോൺ ചെവിയിൽ കുത്തി സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ചു കടക്കുകയായിരുന്നു കുട്ടി. ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് നടന്നുവരവേ ഇയർഫോൺ സംസാരം മൂലം ട്രാക്കിലൂടെ ഗുഡ്‌സ് ട്രെയിൻ വരുന്ന ശബ്ദം പ്രതീക്ഷ കേട്ടില്ല. ട്രെയിൻ അടുത്തെത്തിയപ്പോഴാണ് അവൾ കണ്ടത്. ആകെ പരിഭ്രമിച്ച പെൺകുട്ടി എന്തു ചെയ്യണമെന്നറിയാതെ ആദ്യം പ്ലാറ്റ്‌ഫോമിലേക്കും, പിന്നീട് ട്രെയിനിനു നേരെയും ഓടി. എൻജിൻ ഡ്രൈവർക്ക് ബ്രേക്ക് ചെയ്ത് നിർത്താൻ കഴിയുന്നതിനുമുമ്പ് ട്രെയിൻ പ്രതീക്ഷയെ ഇടിച്ചു വീഴ്ത്തുമ്പോൾ പ്ലാറ്റ്‌ഫോമിൽ കൂട്ട നിലവിളിയായിരുന്നു. ട്രെയിൻ നിൽക്കുമ്പോഴേക്കും എൻജിനും ഒരു വാഗണും പെൺകുട്ടിയുടെ ദേഹം മറികടന്നു കഴിഞ്ഞു. യാത്രക്കാരും റെയിൽവേ പോലീസും ഓടിയെത്തി വീലുകൾക്കിടയിലൂടെ പെൺകുട്ടിയെ പുറത്തേക്ക് വലിച്ചെടുത്തപ്പോഴാണ് അവർക്ക് അതിശയവും ഒപ്പം ആശ്വാസവുമായത്. കുട്ടിക്ക് ഒരു കുഴപ്പവുമില്ല. എങ്കിലും റെയിൽവേ പോലീസ് കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തി മറ്റ് കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തി.






