ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കാൻ  ഇടതുമുന്നണി ശ്രമങ്ങൾ തുടങ്ങി

കോൺഗ്രസിന്റെ ഇരട്ട മുഖം കാണിച്ചുകൊണ്ടുള്ള ഇടതു മുന്നണി ചുവരെഴുത്ത്. 

മലപ്പുറം- മലബാർ മേഖലയിൽ മുസ്‌ലിം ന്യൂനപക്ഷ വോട്ടർമാരെ കൂടെനിർത്താൻ ഇടതുമുന്നണി തന്ത്രങ്ങൾ ആവിഷ്‌കരിച്ചു തുടങ്ങി. മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിനാകില്ലെന്ന പ്രചാരണം ശക്തമാക്കാനുള്ള തന്ത്രങ്ങളുമായാണ് മലബാറിൽ മുന്നിൽ പ്രചാരണം നടത്തുന്നത്. ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിക്കാരനാണെന്ന ചുവരെഴുത്തുകൾ കണ്ണൂർ ജില്ലയിൽ പലയിടത്തും സി.പി.എം ആരംഭിച്ചിട്ടുണ്ട്. മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നാണ് പ്രചാരണം. ബി.ജെ.പിയെ എതിർക്കാനായി മുസ്‌ലിം ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ പിന്തുണക്കുന്നത് പ്രതിരോധിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ രാഷ്ട്രീയ തന്ത്രം.
മലബാർ മേഖലയിൽ ശക്തിയുള്ള സുന്നി എ.പി വിഭാഗം, ജമാഅത്തെ ഇസ്‌ലാമി എന്നിവരുടെ പിന്തുണ നേടുന്നതിന് ഇടതുനേതൃത്വം ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. മേഖലയിൽ പ്രബലരായ സുന്നി ഇ.കെ വിഭാഗം, മുജാഹിദ് വിഭാഗം എന്നിവരുടെ പിന്തുണ യു.ഡി.എഫിനാകുമെന്നതിനാൽ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ തീവ്രശ്രമങ്ങൾ സി.പി.എം നടത്തിവരുന്നുണ്ട്. ഐ.എൻ.എല്ലിനെ മുന്നണിയിലെടുത്തത് സമുദായ സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിന് കൂടി വേണ്ടിയാണ്. കോൺഗ്രസ് മൽസരിക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, വടകര, വയനാട് മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ടുകൾ തെരഞ്ഞെടുപ്പുവിധിയിൽ നിർണായകമാകും. മുസ്‌ലിം ലീഗ് മൽസരിക്കുന്ന പൊന്നാനിയിൽ നേരത്തെ എ.പി വിഭാഗം ഇടതുമുന്നണിയെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും യു.ഡി.എഫിനെ തോൽപ്പിക്കാനായിരുന്നില്ല.  
കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ നേതൃത്വം നൽകുന്ന സുന്നി എ.പി വിഭാഗത്തിന്റെ പിന്തുണ പലപ്പോഴും ഇടതുപക്ഷത്തിന് ലഭിക്കാറുണ്ട്. എ.പി വിഭാഗം രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറില്ല. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുകയെന്നതാണ് അവരുടെ നിലപാട്. അതേസമയം, ഇ.കെ വിഭാഗവുമായി അടുത്തു നിൽക്കുന്ന മുസ്‌ലിം ലീഗിനെ പിന്തുണക്കാൻ എ.പി വിഭാഗം തയ്യാറാകാറില്ല.  
കോൺഗ്രസുമായി അവർ നല്ല ബന്ധം പുലർത്തുന്നുമുണ്ട്. കോൺഗ്രസ് സ്ഥാനാർഥികൾ മൽസരിക്കുന്ന മണ്ഡലങ്ങളിൽ എ.പി വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടാതിരിക്കാനാണ് ഇടതുപക്ഷം ശ്രമം നടത്തുന്നത്. പല കോൺഗ്രസ് നേതാക്കളുമായും എ.പി വിഭാഗത്തിന്റെ നേതാക്കൾക്ക് മികച്ച ബന്ധമാണുള്ളത്.
ജമാഅത്തെ ഇസ്‌ലാമി ഇത്തവണ മൽസരിക്കുന്നില്ലെങ്കിൽ അവരുടെ പിന്തുണ ഉറപ്പാക്കുന്നതിനും ഇടതുനേതൃത്വം ശ്രമം നടത്തുന്നുണ്ട്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയണമെന്ന നിലപാടാണ് മുസ്‌ലിം സമുദായ സംഘടനകൾക്ക് പൊതുവെയുള്ളത്. എന്നാൽ ബി.ജെ.പിക്ക് ബദലായി കോൺഗ്രസിനെ അവർ പിന്തുണക്കുന്നത് ഇടതുമുന്നണിക്ക് നഷ്ടങ്ങളുണ്ടാക്കും. ഇത് തടയാനുള്ള തന്ത്രങ്ങളാണ് എൽ.ഡി.എഫ് ആരംഭിച്ചിരിക്കുന്നത്. മുസ്‌ലിം സമുദായ നേതാക്കളുമായി ചർച്ച നടത്തുന്നതിന് ഐ.എൻ.എല്ലും മന്ത്രി കെ.ടി. ജലീലും ഇടതുപക്ഷത്തിന് സഹായകമായ ഘടകങ്ങളാണ്. മുസ്‌ലിം സമുദായത്തിലെ തന്നെ നിഷ്പക്ഷരായ വോട്ടർമാരെ സ്വാധീനിക്കാനായി ഇടതുമുന്നണിയുടെ മതേതര നിലപാടുകളെ ഉയർത്തിക്കാണിക്കാനും കോൺഗ്രസിന് ഇരട്ട മുഖമാണുള്ളതെന്ന പ്രചാരണം നടത്താനുമാണ് നീക്കം.  

Latest News