ശ്രീഹരിക്കോട്ട- ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു നേട്ടത്തിന്റെ വെന്നിക്കൊടി പാറിച്ച് ഇന്ത്യ. ഐ.എസ്.ആർ.ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് ജിസാറ്റ്-19 വാർത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചാണ് പുതിയ ചരിത്രം സൃഷ്ടിച്ചത്. വിക്ഷേപണം പരിപൂർണ വിജയമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ കരുത്തും ആവാഹിച്ച ജി.എസ്.എൽ.വി–മാർക്ക് 3 റോക്കറ്റിന്റെ വിക്ഷേപണം മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐ.എസ്.ആർ.ഒയുടെ സ്വപ്‌ന പദ്ധതിയിലെ നിർണായക ചുവടുകൂടിയാണ്. സിഇ 20 എന്ന ക്രയോജനിക് എൻജിനുൾപ്പെടെ പല സവിശേഷതകളുള്ളതാണ് ഫാറ്റ് ബോയ് എന്നറിയപ്പെടുന്ന റോക്കറ്റ്.
വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഐ.എസ്.ആർ.ഒ ചെയർമാൻ കിരൺ കുമാർ തുടങ്ങിയവർ അഭിനന്ദിച്ചു. ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തോടെ റോക്കറ്റ് വിക്ഷേപണ രംഗത്തും സാങ്കേതിക വിദ്യയിലും ഇന്ത്യ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ശാസ്ത്രജ്ഞരുടെ കാൽ നൂറ്റാണ്ട് നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം.
ക്രയോജനിക് സാങ്കേതികവിദ്യയിൽ ഐ.എസ്.ആർ.ഒക്കുള്ള മികവിന്റെയും കാര്യക്ഷമതയുടേയും തെളിവാണ് പുതിയ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം. ചന്ദ്രയാൻ-2, ബഹിരാകാശത്തേക്കുള്ള മനുഷ്യയാത്ര എന്നീ ഭാവിപദ്ധതികളിലേക്ക് ഒരു ചുവടു കൂടി അടുക്കുകയാണ് ഈ വിക്ഷേപണത്തോടെ. ഇത് ചരിത്രദിനമാണ്. 2002 മുതലുള്ള പ്രവർത്തനത്തിന്റെ വിജയമാണിത്. പുതുതലമുറ ഉപഗ്രഹത്തെയാണ് നാം ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹം പ്രവർത്തനക്ഷമമാകുന്ന നിമിഷം കാത്തിരിക്കുകയാണിപ്പോൾ-ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ് കിരൺകുമാർ പറഞ്ഞു.