ഷാര്‍ജ- കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍നിന്നും ഷാര്‍ജയിലേയ്ക്ക് വരേണ്ട വീമാനം സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് റദ്ദാക്കി. രാവിലെ 9.30ന് പുറപ്പെടേണ്ട എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനമാണ് സാങ്കേതിക തകരാറ് മൂലം കൊച്ചിയില്‍ സര്‍വീസ് റദ്ദ് ചെയ്തത് .ഇതില്‍ പോകുവാന്‍ കുട്ടികള്‍ അടക്കം 166 യാത്രക്കാരാണ് ഉണ്ടായിരുന്നത് .
ഷാര്‍ജയിലേയ്ക്ക് പോകുന്നതിന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് രാവിലെ മുതല്‍ വിമാനത്താവളത്തിലെ സെക്യുരിറ്റി ഹാളില്‍ കുത്തിയിരിക്കുകയാണ്. സാധാരണ നിലയില്‍ വിമാനം നിശ്ചിത സമയത്തിന് കൂടുതല്‍ വൈകിയാല്‍ യാത്രക്കാരെ ഹോട്ടലുകളിലേയ്ക്ക് മാറ്റുക പതിവാണ് . എയര്‍ അറേബ്യ അധികൃതര്‍ ഇതിന് തയാറാകാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ ക്ഷുഭിതരായി.
എയര്‍ അറേബ്യ എയര്‍ലൈന്‍സ് ചിലവ് കുറഞ്ഞ വിമാന സര്‍വീസ് ആയതിനാല്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നല്‍കുന്നതെന്നും ബജറ്റ് വിമാന സര്‍വീസുകളില്‍ ഭക്ഷണവും താമസവും മറ്റും നല്‍കുവാന്‍ വ്യവസ്ഥയില്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയില്‍നിന്ന് പോയ എന്‍ജിനിയര്‍മാര്‍ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.