ക്രിക്കറ്റ് ബന്ധം മുറിക്കലല്ല ജോലിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി

ദുബായ്- ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യവുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) നല്‍കിയ അപേക്ഷ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളി. ഇത്തരം കാര്യങ്ങളില്‍ ഒരു പങ്കും വഹിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന് ബോര്‍ഡ് യോഗത്തില്‍ ഐസിസി ബിസിസിഐയുടെ ആവശ്യം നിരസിച്ചത്. നാല്‍പതിലേറെ ജവാന്‍മാര്‍ കൊല്ലപ്പെട്ട പുലല്‍വാമ ആക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിക്കാതെ ഭീകരതയുടെ പ്രഭവകേന്ദ്രമായ രാജ്യവുമായുള്ള ക്രിക്കറ്റ് ബന്ധം എല്ലാ രാജ്യങ്ങളും മുറിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്തു നല്‍കിയത്. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യം തള്ളിയത്. 

ഒരു രാജ്യത്തെ മാറ്റി നിര്‍ത്തുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലങ്ങളിലാണ് കൈകൊള്ളേണ്ടതെന്നും ഇതില്‍ ഐസിസിക്ക് ഒന്നും ചെയ്യാനില്ലെന്നും ശശാങ്ക് മനോഹര്‍ പറഞ്ഞതായി ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിസിസിഐക്കു വേണ്ടി ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് യോഗത്തില്‍ പങ്കെടുത്തത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിരവധി ഐസിസി അംഗരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്. ഇവരും ബിസിസിഐയുടെ ഈ ആവശ്യത്തെ അംഗീകരിക്കില്ല. 

ഇന്ത്യാ പാക് പ്രതിസന്ധി ഉടലെടുത്തതോടെ ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ജൂണ്‍ 16-നുള്ള ഇന്ത്യാ-പാക്കിസ്ഥാന്‍ മാച്ച് ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
 

Latest News