മൈലാഞ്ചിച്ചോപ്പും ഒപ്പനപ്പാട്ടുമായി റിയാദിൽ ഒരു മലയാളി കല്യാണം

റിയാദ്- ഒപ്പനപ്പാട്ടും മൈലാഞ്ചിച്ചോപ്പുമെല്ലാമായി നാട്ടുകല്യാണത്തെ ഓർമ്മിപ്പിച്ച് ഒരു മലയാളി വിവാഹം റിയാദിൽ. സന്തോഷത്തിന്റെയും വൈകാരിക മുഹൂർത്തങ്ങളുടെയും സൽക്കാരങ്ങളാൽ സമ്പന്നമായിരുന്നു സനോജിന്റെയും ലുബ്‌നയുടെയും വിവാഹം. നിക്കാഹ് കഴിഞ്ഞ് മൂന്നു വർഷത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹസൽക്കാരം നടക്കുന്നത്. നിക്കാഹിൽനിന്ന് വിവാഹസൽക്കാരത്തിലേക്കും ഒത്തുചേരലിലേക്കും നീണ്ട മൂന്നു വർഷത്തിന്റെ കാത്തിരിപ്പിന്റെ സങ്കടം അത്യപൂർവ്വ നിമിഷങ്ങളാൽ സന്തോഷത്തിലേക്ക് വഴിമാറി. തൊഴിൽ തർക്കവും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം നാട്ടിൽ പോകാൻ കഴിയാതിരുന്നതാണ് ഇരുവരുടെയും വിവാഹം നീണ്ടുപോയത്. അവസാനം സ്‌പോൺസർ തന്നെ മുൻകയ്യെടുത്ത് നൽകിയ സന്ദർശക വിസയിൽ ലുബ്‌നയെ റിയാദിലേക്ക് കൊണ്ടുവന്നു. 
സനോജിന്റെയും ലുബ്‌നയുടെ വിവാഹത്തെ പറ്റി കുട്ടുകാരൻ അബ്ദുൽ കലാം മാട്ടുമ്മൽ ഫെയ്‌സ്ബുക്കിൽ കുറിച്ച പോസ്റ്റ്:

മലയാളികളുടെ വിവാഹസത്കാരങ്ങൾ വിദേശങ്ങളിൽ വെച്ച് നടക്കുന്നതൊന്നും വാർത്തകൾ പോലുമാവാതായിട്ട് കാലമേറെയായി. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ. അവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇന്നലെ ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചനുജൻ സനോജിന്റെയും ലുബ്‌നയുടെയും റിയാദിൽ വെച്ച് നടന്ന വിവാഹസത്കാരം.
മലപ്പുറം ജില്ലയിലെ കിഴാറ്റൂരിലെ വട്ടിപറമ്പത്ത് മുഹമ്മദ് ഹനീഫ, പുള്ളിക്കാത്തൊടി ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനായ സനോജ് നികാഹ് കഴിഞ്ഞു റിയാദിലെത്തിയിട്ട് വർഷം മൂന്നോടടുക്കുന്നു. കുറച്ചധികം വർഷങ്ങളായി ഉപ്പയും റിയാദിലുണ്ട്. 
ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ് മേഖലയിൽ കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫറാണ് സനു. റിയാദിലാണ് സ്റ്റുഡിയോ ആസ്ഥാനമെങ്കിലും തബൂക്, അബഹ, ബിഷ, ദമാം, ജിദ്ദ തുടങ്ങി സൗദിയുടെ വിവിധപ്രവിശ്യകളിലായി പരന്നുകിടക്കുന്നു ജോലി. ആവശ്യമനുസരിച്ചു ഇവിടങ്ങളിലെല്ലാം സനുവും സംഘവും പോവും, ജോലി തീരും വരെ അവിടങ്ങളിൽ തങ്ങും. ഗവൺമെന്റ് പ്രോഗ്രാമുകൾ, ആഘോഷങ്ങൾ, സാംസ്‌കാരികവാണിജ്യ ഫെസ്റ്റിവലുകൾ, വിവാഹാഘോഷങ്ങൾ തുടങ്ങിയവയുടെ വീഡിയോ ഷൂട്ടാണ് പ്രധാനമായും ജോലി.


കഴിഞ്ഞ വർഷം നടന്ന ജനാദ്രിയ പൈതൃകോത്സവത്തിൽ ഇന്ത്യക്ക് അതിഥി രാജ്യമായി പങ്കെടുക്കാനാവസരം ലഭിച്ചപ്പോഴവിടെയും സനോജിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ ബാനറിൽ, ഇന്ത്യയുമായി, വിശിഷ്യ കേരളവുമായി സൗദിഅറേബ്യയുടെ വാണിജ്യസാംസ്‌കാരിക കൊള്ളക്കൊടുക്കലുകളുടെ തുടക്കകാലം തൊട്ടുള്ള ചരിത്രം ഹ്രസ്വമായ ഡോക്യൂമെന്ററിയാക്കി പൈതൃകോത്സവ വേദിയിൽ അഭിമാനപൂർവ്വം ഞങ്ങൾക്ക് അവതരിപ്പിക്കാൻ സാധിച്ചത് സനോജിന്റെ സമർപ്പണമനോഭാവം ഒന്ന് കൊണ്ടുമാത്രമായിരുന്നു.
നിരന്തരം യാത്രകൾ, പലപ്പോഴും ഭരണകർത്താക്കളും ഉദ്യോഗസ്ഥരുമടക്കം നിരവധി ഉന്നതരെ അടുത്ത് കാണാനുള്ള അവസരം. അങ്ങനെ പുറമെ കാണുന്നവർക്ക് ആകർഷകമായ ജോലിയാണ്. പക്ഷെ പ്രവാസത്തിലെ തൊഴിൽപരമായ പല പ്രശ്‌നങ്ങളും സ്‌പോൺസറുടെ ചില പിടിവാശികളും കാരണം ശമ്പളവും അവധിയുമൊന്നും പലപ്പോഴും യഥാസമയം ലഭ്യമായിരുന്നില്ല. സ്‌പോൺസർ സഹകരണമനോഭാവം ഒരൽപം കുറഞ്ഞയാളായിട്ടും അവിടെ തന്നെ തുടരാനുള്ള കാരണങ്ങൾ പലതായിരുന്നു. ഉപ്പയുടെ ചുമലിലുണ്ടായിരുന്ന സാമ്പത്തിക ബാധ്യതക്ക് അവനും തോളൊപ്പം സഹായിക്കാൻ നിന്നതിനപ്പുറം ഏറ്റവും അടുത്ത സുഹൃത്തുക്കളോട് മാത്രം പങ്കുവെച്ച മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോവണമെങ്കിൽ തൊഴിൽതർക്കങ്ങളിൽ തീരുമാനമുണ്ടാക്കണം. അങ്ങനെ ചെയ്താൽ ഒരുപക്ഷെ പിന്നീട് സൗദിയിലേക്ക് മറ്റൊരു വിസയിൽ തിരിച്ചു വരാൻ കുറച്ചു കാലത്തെങ്കെങ്കിലും കഴിയാതാവുമെന്ന ഭയം. ആ ഭയത്തിനുള്ള കാരണം ഉമ്മയുടെ ഉംറയെന്ന ആഗ്രഹവും. ലുബ്‌നയും അവധിയെ കുറിച്ച് ചോദിച്ചു തുടങ്ങിയപ്പോൾ അവളോട് ഉമ്മയുടെ ആഗ്രഹവും സാഹചര്യങ്ങളും സനു പറഞ്ഞു. ലുബ്‌നയാണ് പിന്നീട് സനുവിന്റെ ആഗ്രഹത്തിന് കൂടെ നിന്നത്. എത്ര വൈകിയാലും വേണ്ടില്ല ഉമ്മയുടെ ആഗ്രഹം സാധിപ്പിച്ചിട്ട് മതി അവധിയും കല്യാണവുമെന്ന്. 
നികാഹ് കഴിഞ്ഞിത്രയും നാളായിട്ടും നാട്ടിൽ വരാത്തതിനും കല്യാണം നടത്താത്തതിനും കുടുംബത്തിൽ നിന്നും അടുപ്പക്കാരിൽ നിന്നുമുള്ള ചോദ്യങ്ങൾ കൂടിക്കൂടി വരികയും ഉമ്മയടക്കമുള്ളവർ നിർബന്ധിക്കുകയും ചെയ്തതോടെയാണ് അവധിക്കാര്യത്തിൽ സ്‌പോൺസറോട് വാശി പിടിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ സ്‌പോൺസർ മുന്നോട്ട് വെച്ചതാണ് ഭാര്യയെ വിസിറ്റിങ് വിസയിൽ ഇങ്ങോട്ട് കൊണ്ടുവരാനുള്ള ആശയം. അങ്ങനെ ലുബ്‌നക്കൊപ്പം ഉമ്മയെയും കൊണ്ടുവന്നു.
മകന്റെ കല്യാണം ആഘോഷമായി സ്വന്തം വീട്ടിൽ നടത്താനുള്ള മോഹം ഏതൊരു മാതാപിതാക്കളെയും പോലെ ഇവർക്കുമുണ്ടായിരുന്നു. പക്ഷെ അവധി ശരിയാവാൻ ഇനിയും വൈകുമെന്നായപ്പോഴാണ് മാതാപിതാക്കളും സമ്മതം മൂളിയത്.
മുൻപേ ഞങ്ങൾ സുഹൃത്തുക്കൾ സനുവിന്റെ വിവാഹാഘോഷം ചെറിയ രീതിയിലെങ്കിലും റിയാദിൽ വെച്ച് നടത്താൻ തീരുമാനിച്ചതായിരുന്നു.


മകന്റെ വിവാഹം ആഗ്രഹിച്ച പോലെ നടത്താനാവാത്തതിലെ സങ്കടം ഉമ്മയുടെ വാക്കുകളിൽ കൂടി നിഴലിച്ചതോടെ അതാഘോഷപർവ്വം തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
സനോജിന്റെയും ലുബ്‌നയുടെയും റിയാദിലെ ബന്ധുക്കൾ, സഹപ്രവർത്തകർ, ഏറ്റവും അടുത്ത സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്ത കല്യാണം ആഘോഷത്തിനപ്പുറം വൈകാരികമായിരുന്നു ഞങ്ങൾക്ക്.
ജുമിയുടെയും നജ്‌ലയുടെയും നേതൃത്വത്തിൽ മണവാട്ടിയെ അണിയിച്ചൊരുക്കി ഓഡിറ്റോറിയെത്തിലെത്തുമ്പോൾ മണവാളന്റെയും മണവാട്ടിയുടെയും മുഖത്തെ കല്യാണസന്തോഷം, ഒപ്പനപ്പാട്ടിനൊപ്പം കൈകൊട്ടിപ്പാടി പ്രിയരും പ്രിയപ്പെട്ടവരുമായ ഷാഫിയും സത്താർക്കയും ഹംസത്തലിയും, ഇഷ്ടസുഹൃത്തുക്കളായ ഷാഫിയും ലത്തീഫും സംഘവും അവതരിപ്പിച്ച കോൽക്കളി, നല്ലൊരു ഗായകൻ കൂടിയായ പുതുമണവാളന്റെ ഉപ്പയുടെ മാപ്പിളശീലുകൾ, തുടങ്ങിയവ കൊണ്ടെല്ലാം പൊലിമയുള്ള ആഘോഷമായി സനുവിന്റെ വിവാഹസത്കാരം. ജേഷ്ഠസുഹൃത്ത് സിദ്ദിഖ, ഷുഹൈബ്ക്ക, നജ്മുക്ക, റഫീഖ് സാഹിബ്, അനീർ, ഇഖ്ബാൽ, ഇസ്മായീൽ, അശ്‌റഫ്ക്ക തുടങ്ങിയവർ ഉത്തരാവാദിത്വമുള്ള കാരണവന്മാരായി. 
വിവാഹാഘോഷം വീട്ടിൽ ആഗ്രഹിച്ച പോലെ നടത്താനാവാത്ത സങ്കടാധിക്യം മകന്റെ സൗഹൃദങ്ങൾ ഒരുക്കിയ ആഘോഷം കൊണ്ട് ഒരല്പമെങ്കിലും കഴുകിക്കളഞ്ഞതിന്റെ സന്തോഷം മാതാപിതാക്കളുടെ അകത്തും മുഖത്തും. പ്രവാസലോകത്ത് ആദ്യമായൊരു വിവാഹത്തിന് പങ്കടുത്ത ആഹ്ലാദം പങ്കെടുത്ത കുടുംബങ്ങളിൽ, അനുജസൗഹൃദത്തിന്റെ വിവാഹം ആഘോഷിച്ചതിനൊപ്പം സനുവിന്റെയും മാതാപിതാക്കളുടെയും ചെറിയ സന്തോഷത്തിനെങ്കിലും കാരണമാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഞങ്ങളുടെയൊക്കെയുള്ളിൽ.
ഒടുവിൽ പത്തോളം വർഷമായ പ്രവാസം എനിക്കെന്ത് നൽകിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എന്റെയീ ഹൃദയസൗഹൃദങ്ങളെന്ന സനുവിന്റെ ആനന്ദാശ്രുക്കളോടെയുള്ള വിങ്ങിപ്പൊട്ടൽ, അതുകേട്ടു കണ്ട കണ്ണുകളെയും ഈറനണിയിച്ച വികാരനിർഭരമായ ആഘോഷ കൊടിയിറക്കം
പുതുമണവാളനും മണവാട്ടി ലുബ്‌നക്കും ദാമ്പത്യത്തിന്റെ മനോഹരതീരത്ത്, സ്‌നേഹത്തിന്റെ, കടമകളുടെ, വിശ്വാസത്തിന്റെ നിത്യപുഷ്പ്പങ്ങൾ ഒന്നായ് പൊഴിക്കാൻ ദുആശംസകൾ

Latest News