ന്യുദല്‍ഹി- ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തതോടെ രാജ്യത്തുടനീളം പൊട്ടിമുളച്ചത് നൂറ്റമ്പതോളം ഈര്‍ക്കില്‍ പാര്‍ട്ടികള്‍. 2018 ഏപ്രില്‍ മുതല്‍ 120-ഓളം പുതിയ പാര്‍ട്ടികളാണ് അംഗീകാരമില്ലാത്ത രണ്ടായിരത്തിലേറെ പാര്‍ട്ടികളുടെ പട്ടികയില്‍ ഇടം നേടിയത്. 24 പാര്‍ട്ടികള്‍ രജിസ്ട്രേഷനു വേണ്ടി അപേക്ഷിച്ചിട്ടുമുണ്ട്. 2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 118 പുതിയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്തരം പാര്‍ട്ടികളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ഇവരുടെ വോട്ട് ഓഹരി ഒരു ശതമാനം പോലുമില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് അടുക്കന്നോതെ ഇങ്ങനെ പാര്‍ട്ടികള്‍ പൊട്ടിമുളക്കുന്നതിനു പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീ പാര്‍ട്ടികല്‍ ആദായ നികുതി പരിധിക്കു പുറത്തായതിനാല്‍ തെരഞ്ഞെടുപ്പു കാലത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ഇതൊരു മാര്‍ഗമാണ്. ഇത്തരം പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍ പോലും ഇവര്‍ക്ക് പണം പിരിക്കാന്‍ കഴിയും നികുതി സൗജന്യങ്ങളും ആസ്വദിക്കാം.
വമ്പന്‍ പാര്‍ട്ടികളും ഈ ചെറുപാര്‍ട്ടികളെ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നത് ഇപ്പോള്‍ ഈ മാര്‍ഗത്തിലൂടെയാണ്. എതിര് കക്ഷികളുടെ വോട്ടുകള്‍ ധ്രുവീകരിക്കാനും ചോര്‍ച്ചയുണ്ടാക്കാനും ഈ പാര്‍ട്ടികളെ കരുക്കളാക്കുന്നു. മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണം രംഗത്തും ഈ പാര്‍ട്ടികളെ വന്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നു. നിയമ പരമായി അനുവദിക്കപ്പെട്ട പരിമിത ചെലവുകളും സൗകര്യങ്ങളും മറികടക്കാന്‍ ഈ പാര്‍ട്ടികളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. സുഗമമായി പണം ചെലവിടുന്നതിനും ഇത് വഴിയൊരുക്കും. ഇവരുടെ പ്രചാരണ വാഹനങ്ങളും മറ്റും വലിയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നു.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 464 പാര്‍ട്ടികളാണ് മത്സരിച്ചത്. ഇവയില്‍ ദേശീയ പാര്‍ട്ടികള്‍ ആറെണ്ണം മാത്രമെ ഉണ്ടായിരുന്നുള്ളൂ. 39 പാര്‍ട്ടികള്‍ സംസ്ഥാന പാര്‍ട്ടികളും. ബാക്കിയെല്ലാം ഈര്‍ക്കില്‍ പാര്‍ട്ടികളായിരുന്നു. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 6,434 പേരില്‍ ജയിച്ചത് വെരും 98 പേര് മാത്രം. ഇവരെല്ലാം കൂടി സ്വന്തമാക്കിയത് ആകെ വോട്ടര്‍മാരില്‍ വെറും 0.28 ശതമാനത്തിന്റെ പിന്തുണയും രേഖപ്പെടുത്തിയ വോട്ടിന്രെ 0.45 ശതമാനവും മാത്രമായിരുന്നു.






