വേതനം നൽകാത്തവർക്ക് 40 ലക്ഷം റിയാൽ പിഴ

റിയാദ് - ന്യായീകരിക്കാവുന്ന കാരണങ്ങളില്ലാതെ തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് റിയാദ് ലേബർ കോടതി ഇതുവരെ ആകെ 40 ലക്ഷം റിയാൽ പിഴ ചുമത്തി. വേതന വിതരണത്തിന് കാലതാമസവും വീഴ്ചയും വരുത്തുന്ന സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ലേബർ കോടതികൾ പിഴ ചുമത്താൻ തുടങ്ങിയിട്ടുണ്ട്. 
വിതരണം ചെയ്യുന്നതിന് കാലതാമസം വരുത്തുന്ന വേതനത്തിന്റെ ഇരട്ടി തുകയിൽ കൂടാത്ത സംഖ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിന് തൊഴിൽ നിയമത്തിലെ 94-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. നിയമ ലംഘകരായ തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന പിഴ സംഖ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയിൽ അടക്കുകയാണ് ചെയ്യുന്നത്. ഈ തുക സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് പ്രയോജനപ്പെടുത്തും. 
വേതന വിതരണം വൈകിക്കുന്നവർക്ക് പിഴ ചുമത്തുന്നത്, വേതന വിതരണത്തിന് കാലതാമസം വരുത്തുന്ന പ്രവണതക്ക് തടയിടുന്നതിനും വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിൽ എത്തുന്നത് കുറക്കുന്നതിനും സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു. പിഴ ചുമത്തപ്പെടുന്നത് ഒഴിവാക്കുന്നതിന് കൃത്യസമയത്ത് വേതനം വിതരണം ചെയ്യുന്നതിന് കമ്പനികളും സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കും. കൂടാതെ വേതനം വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിനും ഇത് സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുമെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു. 

Latest News