Sorry, you need to enable JavaScript to visit this website.

ഇറാൻ ഭീകരപ്രവർത്തനം  തുടരുന്നു - സൗദി അറേബ്യ

അബുദാബിയിൽ 46 ാമത് ഒ.ഐ.സി മന്ത്രിതല യോഗത്തിൽ ആദിൽ അൽജുബൈർ സംസാരിക്കുന്നു. 

അബുദാബി - മേഖലയിൽ ഇറാൻ ഭീകരപ്രവർത്തനവും ശത്രുതാപരമായ പെരുമാറ്റവും തുടരുന്നതായി സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. അബുദാബിയിൽ 46 ാമത് ഒ.ഐ.സി മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽജുബൈർ. വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലാണ് സൗദി അറേബ്യ ദ്വിദിന ഒ.ഐ.സി യോഗത്തിൽ സംബന്ധിച്ചത്. മേഖലാ രാജ്യങ്ങളിൽ ഇറാൻ വിഭാഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്തുകയും ഭീകരതക്ക് പിന്തുണ നൽകുകയുമാണെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നത് ഇറാൻ നിർബാധം തുടരുന്നു. 
1967 ലെ അതിർത്തിയിൽ, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീനികളുടെ അവകാശത്തെ സൗദി അറേബ്യ പിന്തുണക്കുന്നു. ഭീകരതയും തീവ്രവാദവും ലോകം മുഴുവൻ നേരിടുന്ന വെല്ലുവിളികളാണ്. യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ അട്ടിമറി ഭരണം തുടരുന്നതിൽ ഖേദമുണ്ട്. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ ദൂതൻ നടത്തുന്ന ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നു. സിറിയയുടെ അഖണ്ഡത സംരക്ഷിക്കുന്ന നിലക്ക് സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നു. 
ഹൂത്തികളുടെ അട്ടിമറി യെമനികളുടെ ദുരിതം വർധിപ്പിച്ചു. യു.എൻ രക്ഷാസമിതി 2216-ാം നമ്പർ പ്രമേയത്തിനും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും സ്വീഡൻ സമാധാന യോഗത്തിലെ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര സമൂഹം നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കും. 
മ്യാന്മറിൽ റോഹിൻഗ്യകൾക്കെതിരായ പീഡനങ്ങളെ സൗദി അറേബ്യ അപലപിക്കുന്നു. റോഹിൻഗ്യകൾക്കെതിരായ പീഡനങ്ങൾ അവസാനിപ്പിക്കുന്നതിനും മ്യാന്മറിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് അവകാശങ്ങൾ ലഭ്യമാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ശക്തമായ നീക്കം നടത്തണം. അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് എല്ലാ ശ്രമങ്ങളും സൗദി അറേബ്യ തുടരുകയാണ്. 2014 ൽ ഐ.എസ് വിരുദ്ധ പോരാട്ടത്തിന് രൂപീകരിച്ച അന്താരാഷ്ട്ര സഖ്യത്തിലെ സ്ഥാപകാംഗമാണ് സൗദി അറേബ്യ. ഭീകരതക്കുള്ള സാമ്പത്തിക സഹായം വിലക്കുന്നതിന് റിയാദ് ആസ്ഥാനമായി കഴിഞ്ഞ വർഷം ഗ്ലോബൽ സെന്റർ സ്ഥാപിക്കുന്നതിലും അമേരിക്കക്കും മറ്റു ഗൾഫ് രാജ്യങ്ങൾക്കുമൊപ്പം സൗദി അറേബ്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിന് അന്താരാഷ്ട്ര സമൂഹം സംയുക്തമായും ഫലപ്രദമായും നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നതായും ആദിൽ അൽജുബൈർ പറഞ്ഞു. 

 

Latest News