ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

കൊച്ചി: മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്‌ലൈനിലാണ് പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഹിന്ദിയിലും തമിഴിലുമായി താരം തിരക്കിലായിരുന്നു. ദുല്‍ഖര്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. നല്ലൊരു ഫെസ്റ്റിവല്‍ മൂവിയാണ് സിനിമ എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിര്‍ , സലിം കുമാര്‍ , വിഷ്ണു എന്നിവരെയും പോസ്റ്ററില്‍ കാണാം. നാല് പേരും നൃത്തം ചെയ്യുന്നതായാണ് പോസ്റ്ററില്‍.
'ഒരുപാട് കാത്തിരിപ്പിന് ശേഷം ഇതാ ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് ഏറെ ആഹ്ലാദത്തോടെയാണ് ഈ പടത്തില്‍ ഞങ്ങള്‍ സഹകരിച്ചതും, ഇത് പൂര്‍ത്തിയാക്കിയതും. പോസ്റ്ററില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ സന്തോഷം കാണാവുന്നതാണ്' ദുല്‍ഖര്‍ പോസ്റ്ററിനൊപ്പം നല്‍കിയ കുറിപ്പില്‍ പറയുന്നു.
പുതുമുഖ സംവിധായകനായ ബി.സി നൗഫലാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുഹൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്‌നണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. പി. സുകുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്, സി.ആര്‍. സലീം എന്നിവരാണ് നിര്‍മ്മാണം. ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷായാണ്.

Latest News