Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന പദ്ധതി: നടപടിക്രമങ്ങളില്‍ അവ്യക്തത

തിരുവനന്തപുരം- ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സര്‍വ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ഉറപ്പും വന്നെങ്കിലും അത് നടപ്പാക്കുന്നതിലുള്ള കാലതാമസവും നടപടിക്രമങ്ങളെ സംബന്ധിച്ച അവ്യക്തതയും സാധാരണക്കാരെ വലയ്ക്കുന്നു.

ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന ബജറ്റ് പ്രഖ്യാപനം ഏപ്രിലോടെ മാത്രമെ നടപ്പാവുകയുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഏതു രീതിയില്‍ വേണമെന്ന കാര്യത്തില്‍പോലും ഇനിയും തീരുമാനമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിച്ചശേഷം അതിന് ചിലവഴിച്ച പണം ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കുന്ന സംവിധാനത്തെക്കുറിച്ചാണ് നോര്‍ക്ക ആലോചിച്ച് വരുന്നത്. മൃതദേഹം നാട്ടിലെത്തച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍മാത്രമെ ചിലവഴിച്ച തുക നോര്‍ക്കയില്‍നിന്ന് ലഭിക്കുകയുള്ളു. സര്‍ക്കാര്‍ നൂലാമാലകളില്‍പെട്ട് ഇത് സങ്കീര്‍ണമാകാനുള്ള സാധ്യത വളരെ കൂടുതലാണു താനും. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നോര്‍ക്കയില്‍ ഈ ആവശ്യത്തിനായി കയറി ഇറങ്ങണമെന്നുമില്ല.  

ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചുവെങ്കിലും അത് എത്തരത്തില്‍ വേണമെന്ന് കാര്യത്തില്‍ വിശദമായ ചര്‍ച്ചക്ക്‌ശേഷമെ നടപ്പിക്കുകയുള്ളുവെന്ന് കേരളനിയമസഭാക്ഷേമകാര്യസമതി ചെയര്‍മാനും കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയുമായ കെ.വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകതന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാണെന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Latest News