വൈവാഹിക സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രവാസി പിടിയില്‍

ന്യൂദല്‍ഹി- മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ലണ്ടന്‍ പ്രവാസി ദല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് പിടിയിലായി. 2017 ലാണ് കേസിനാസ്പദമായ സംഭവം. പഞ്ചാബിലെ ജലന്ധര്‍ സ്വദേശി രവീന്ദര്‍ സിംഗാണ് അറസ്റ്റിലായത്.
വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട തന്നെ 2017 ഡിസംബര്‍ 12-ന് ദല്‍ഹിയില്‍വെച്ച് മയക്കുമരുന്ന് നല്‍കിയശേഷം ബലാത്സംഗം ചെയ്തവെന്നാണ് യുവതി പരാതി നല്‍കിയതെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ വിജയന്ത ആര്യ പറഞ്ഞു.
വിവാഹം ചെയ്യുമെന്ന വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് ഭാര്യയും മക്കളുമുണ്ടെന്ന വിവരം ലഭിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പോലീസിനെ സമീപിച്ച യുവതി പറഞ്ഞു. യു.കെയില്‍ സെക്യൂരിറ്റി ഗാര്‍ഡാണ് പ്രതി രവീന്ദര്‍ സിംഗ്.
ജലന്ധറില്‍ അന്വേഷണം നടത്തിയ പോലീസിന് പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്  ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ജലന്ധറിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ യു.കെയില്‍നിന്ന് മടങ്ങുകയായിരുന്നു ഇയാള്‍.

 

Latest News