കാട്ടില്‍ ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചു; ഇന്ത്യയ്‌ക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ യുഎന്നിലേക്ക്

ഇസ്ലാമാബാദ്- ഇന്ത്യയുടെ 'പരിസ്ഥിതി ഭീകരത'യ്‌ക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ യുഎന്നിനെ സമീപിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ വ്യോമ സേനാ പോര്‍വിമാനങ്ങള്‍ ബാലാകോട്ടിലെ സംരക്ഷിത വനമേഖലയാണ് നശിപ്പിച്ചതെന്നും നിരവധി പൈന്‍ മരങ്ങള്‍ നശിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഈ മേഖലയിലുണ്ടായ പാരിസ്ഥിതികാഘാതം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ യുഎന്നിലും മറ്റു വേദികളിലും ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കുമെന്നും പാക് കാലാവസ്ഥാ വ്യതിയാന വകുപ്പു മന്ത്രി മാലിക് അമീന്‍ അസ്ലം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇവിടെ സംഭവിച്ചത് പാരിസ്ഥിതിക ഭീകരപ്രവര്‍ത്തനമാണ്. ഗുരുതരമായ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. 

ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വടക്കന്‍ പാക്കിസ്ഥാനിലെ ബാലാകോട്ടിനടുത്ത ഈ മലയോര വന മേഖലയില്‍ ബോംബാക്രമണം നടത്തിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഭീകര കേന്ദ്രം പൂര്‍ണമായും തകര്‍ക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ ഒരു ഭീകര ക്യാമ്പ് ഇല്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. ബോംബാക്രമണത്തില്‍ പ്രായം ചെന്ന ഒരു ഗ്രാമീണനു പരിക്കേല്‍ക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്ന് ഇവിടെ സന്ദര്‍ശിച്ച റോയിട്ടേഴ്‌സ് ലേഖകര്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. പതിനഞ്ചോളം പൈന്‍ മരങ്ങളാണ് സ്‌ഫോടനത്തില്‍ നശിച്ചതെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. 

പരിസ്ഥിതി നശിപ്പിക്കുന്നത്, അത് സൈനിക നടപടിയുടെ ഭാഗമാണെങ്കില്‍ പോലും നിലവിലെ രാജ്യാന്തര നിയമത്തിനു വിരുദ്ധമാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 47/37 പ്രമേയം വ്യക്തമാക്കുന്നുണ്ട്.
 

Latest News