കഞ്ചാവ് കടത്താന്‍ സ്ത്രീകള്‍; നിരീക്ഷണം ശക്തമാക്കി

കോഴിക്കോട്- കഞ്ചാവ് കടത്തില്‍ സ്ത്രീകളും വ്യാപകം. രണ്ട് ലക്ഷം രൂപയുടെ കഞ്ചാവ് കടത്തിയാല്‍ യുവതികള്‍ക്ക് കിട്ടുന്നത് അയ്യായിരം രൂപ മാത്രം. സ്ത്രീകളെ സംശയിച്ച് പരിശോധിക്കില്ലെന്ന സൗകര്യം ഉപയോഗിച്ചാണ് കഞ്ചാവ് കടത്തുന്നതുവാന്‍ സ്ത്രീകളെ വാഹകരാക്കുന്നത്.
സംസ്ഥാനത്ത് കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും കുത്തനെ വര്‍ധിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അധികൃതര്‍ പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒളവണ്ണ സ്വദേശി കെ.പി ജംഷീലയെ (38) സംശയിച്ച് പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതായി കണ്ടത്.
ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നത്. കുടുംബമാണെന്ന് വരുത്തി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനാല്‍ പരിശോധന ഒഴിവാകുന്നു. ഒളവണ്ണ കൊടിനാട്ടുമുക്കില്‍ വെച്ചാണ് സ്‌കൂട്ടര്‍ പരിശോധിച്ച് രണ്ട് ലക്ഷം രൂപയുടെ കഞ്ചാവ് കിട്ടിയത്. കഴിഞ്ഞയാഴ്ച ഊര്‍ക്കടവില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമായി കായലം സ്വദേശിയെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് കിലോ കഞ്ചാവ് പിടിച്ചു. പെരുവയല്‍ ആനക്കുഴിക്കര ജംജീഷിനെ (37) അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ പാലക്കാട്ടും തിരുവനന്തപുരത്തും കഞ്ചാവ് കടത്തിയ യുവതികളെ പിടികൂടിയിരുന്നു. കോഴിക്കോട്ട് ഇതാദ്യമാണ്. സ്ത്രീകള്‍ ഈ രംഗത്ത് വ്യാപകമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

Latest News