നടൻ കെ. പവൻ കല്യാണിന്റെ ജനസേനാ പാർട്ടി (ജെ.എസ്.പി) ആന്ധ്രയിൽ തരംഗമുണ്ടാക്കുന്നു. ജെ.എസ്.പി പൊതുതെരഞ്ഞെടുപ്പിൽ അധികം സീറ്റുകളൊന്നും ജയിക്കണമെന്നില്ല. എന്നാൽ ഒരുപാട് സീറ്റുകളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്ക് തലവേദന സൃഷ്ടിക്കാൻ ജെ.എസ്.പിക്കു സാധിക്കും. അത് അധികാരത്തിലെത്താൻ വൈ.എസ്.ആർ കോൺഗ്രസിനെ സഹായിച്ചേക്കും.
കപു സമുദായത്തിന്റെ രോഷത്തിന്റെ പ്രതീകമാണ് നാൽപത്തേഴുകാരനായ കോനിദേല പവൻ കല്യാൺ. ആന്ധ്രാ സിനിമയിൽ പവർ സ്റ്റാർ എന്നാണ് പവൻ അറിയപ്പെടാറ്. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ അനുജൻ സമീപകാലം വരെ ചന്ദ്രബാബു നായിഡുവിനൊപ്പമായിരുന്നു. 2014 ലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.ഡി.പി-ബി.ജെ.പി സഖ്യത്തിനു വേണ്ടിയാണ് പവൻ കല്യാൺ പ്രചാരണം നടത്തിയത്. കപു സമുദായത്തിന്റെ വോട്ട് മറിക്കാൻ പവനിന് കഴിഞ്ഞു. കപു സമുദായം ആന്ധ്രയിൽ 28 ശതമാനത്തോളം വരും. 2014 ൽ പവൻ സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിൽ കപു സമുദായത്തിനാണ് ഭൂരിപക്ഷം. കൃഷ്ണ ജില്ലയിലും രായലസീമയിലും വലിയ തോതിൽ കപു സമുദായക്കാരുണ്ട്. പരമ്പരാഗതമായി രണ്ട് ഗോദാവരി ജില്ലകളിൽ മേൽക്കൈ നേടുന്നവരാണ് ആന്ധ്ര ഭരിക്കുക. 2014 ൽ ഈസ്റ്റ് ഗോദാവരിയിലെ 19 മണ്ഡലങ്ങളിൽ പന്ത്രണ്ടും ടി.ഡി.പിയാണ് ജയിച്ചത്. വെസ്റ്റ് ഗോദാവരിയിലെ ടി.ഡി.പി-ബി.ജെ.പി സഖ്യ തൂത്തുവാരി. 14 സീറ്റ് ടി.ഡി.പിക്കും അവശേഷിച്ച ഒരു സീറ്റ് ബി.ജെ.പിക്കും കിട്ടി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയിലെ 175 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ജെ.എസ്.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതു പാർട്ടികളുടെ പിന്തുണയും പവൻ കല്യാണിനുണ്ട്. സംസ്ഥാനത്ത് ഇടതിന് ഒരു ശതമാനത്തോളം വോട്ടുണ്ട്.
കപു സമുദായത്തിന് സംവരണമേർപ്പെടുത്തുമെന്നും അവരെ പിന്നോക്കപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്താണ് 2014 ൽ ചന്ദ്രബാബു നായിഡു മത്സരിച്ചത്. ഇലക്ഷൻ പടിവാതിൽക്കലെത്തിയപ്പോഴാണ് ആ വാഗ്ദാനത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു ഓർക്കുന്നത്.
2009 ൽ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ടി.ഡി.പി സ്ഥാനാർഥികൾ 2014 ൽ എങ്ങനെയാണ് ജയിച്ചതെന്നാണ് പാർട്ടി യോഗങ്ങളിൽ പവൻ കല്യാൺ ചോദിക്കുന്നത്. തന്റെ പിന്തുണയാണ് ടി.ഡി.പിക്ക് ഭരണം കിട്ടാൻ കാരണമെന്നാണ് പവൻ കല്യാൺ പറയാൻ ശ്രമിക്കുന്നത്. 12.5 ശതമാനം വോട്ട് ടി.ഡി.പിക്ക് അധികമായി കിട്ടിയെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ബി.ജെ.പി പാളയത്തിലായിരുന്ന പവൻ കല്യാൺ ഇത്തവണ അവരെയും വെറുതെ വിടുന്നില്ല. ദേശാഭിമാനം ബി.ജെ.പിയുടെ കുത്തകയല്ലെന്നും അഴിമതിക്കും കക്ഷിവഴക്കിനും ഗുണ്ടായിസത്തിനുമെതിരായ പോരാട്ടമാണ് തനിക്ക് ദേശസ്‌നേഹമെന്നും പവൻ കല്യാൺ അഭിപ്രായപ്പെടുന്നു. കാൻഷി റാമാണ് തന്റെ റോൾ മോഡലെന്നാണ് ഇപ്പോൾ സൂപ്പർ താരം പറയുന്നത്. ടയർ റബറിന്റെ ചെരിപ്പണിഞ്ഞാണ് കാൻഷി റാം പ്രവർത്തിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാൽ ജനപ്രിയവും സുതാര്യവുമായ ഭരണമായിരിക്കും ജെ.എസ്.പി കാഴ്ചവെക്കുകയെന്നും വാഗ്ദാനം ചെയ്യുന്നു.
ജെ.എസ്.പി കപു സമുദായ പാർട്ടിയാണെന്ന വാദം അവരുടെ പൊളിറ്റിക്കൽ സെക്രട്ടറി ഹരിപ്രസാദ് തള്ളി. യുവജനങ്ങളുടെയും സ്ത്രീകളുടെയും പാർട്ടിയാണ് ഇത്. ടി.ഡി.പിക്കും വൈ.എസ്.ആർ കോൺഗ്രസിനും ബദൽ. മുസ്‌ലിംകളും കമ്മാം സമുദായക്കാരും പാർട്ടിയുടെ പ്രധാന പദവികളിലുണ്ട് -അദ്ദേഹം പറഞ്ഞു.
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഢിയെയും നേരിട്ട് ആക്രമിക്കാത്ത രീതിയിലാണ് പവൻകല്യാണിന്റെ പ്രചാരണം. വേണ്ടിവന്നാൽ ഇരു പാർട്ടികളിലൊന്നുമായി കൂട്ടുകൂടേണ്ടി വരുമെന്ന് താരത്തിന് അറിയാം.
2008 ൽ ചിരഞ്ജിവി പ്രജാരാജ്യം പാർട്ടിയുമായി രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയിരുന്നു. എന്നാൽ ദയനീയമായി പരാജയപ്പെട്ടു. എന്നാൽ ജ്യേഷ്ഠൻ തോറ്റിടത്ത് അനുജൻ ജയിച്ചേക്കാമെന്നാണ് ചിരഞ്ജീവിയുടെ പാർട്ടിയുടെ നട്ടെല്ലായിരുന്ന ഡോ. കെ സത്യപ്രസാദ് പറയുന്നത്. കപു സമുദായത്തിൽ രോഷം അലയടിക്കുകയാണ്. അവരുടെ വിശ്വാസം നേടാനായാൽ പവൻ കല്യാണിന് വേണമെങ്കിൽ മുഖ്യമന്ത്രി വരെ ആകാനാവുമെന്ന് സത്യപ്രസാദ് അഭിപ്രായപ്പെടുന്നു.
പവൻ കല്യാണിന്റെ യോഗങ്ങളിൽ വൻ ജനക്കൂട്ടമാണ് എത്തുന്നത്. താരപ്രഭ കാരണമാണ് ഇതെന്ന് വിമർശകർ പറയുന്നു. എന്നാൽ അടിസ്ഥാന തലത്തിൽ പാർട്ടി ഘടകങ്ങളില്ലാത്തത് അവരുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചേക്കാം.