മലപ്പുറം- ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഏതു സമയവും ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടുമ്പോഴും തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള വിഷയങ്ങളുടെ കാര്യത്തിൽ വ്യക്തത വരാതെ മുന്നണികൾ. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഭവങ്ങൾ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഉപയോഗപ്പെടുത്താൻ മൂന്നു മുന്നണികളും ആലോചിച്ചു വരികയാണ്. നേരത്തെയുണ്ടായിരുന്ന പല വിഷയങ്ങളും അപ്രസക്തമാകുകയും പുതിയ കാര്യങ്ങൾ വോട്ടർമാരിലേക്കെത്തിക്കുന്നതിനെ കുറിച്ച് മുന്നണികൾ ആലോചിക്കുകയുമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രചാരണമാണ് യു.ഡി.എഫ് ആദ്യഘട്ടത്തിൽ പ്രചാരണത്തിന് വിഷയമാക്കാനിരുന്നത്. എന്നാൽ പിന്നീട് കാസർകോട്ട് നടന്ന ഇരട്ടകൊലപാതകം മലബാർ മേഖലയിൽ ഇടതുപക്ഷത്തിനെതിരായ ആയുധമായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഇടതുമുന്നണിയാകട്ടെ പ്രതിരോധത്തിലാണ്.സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങൾ സജീവമായി നടക്കുന്നുണ്ടെങ്കിലും അരിയിൽ ഷുക്കൂർ വധക്കേസ്, കാസർകോട് ഇരട്ടക്കൊലപാതകം എന്നിവ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
എൻ.ഡി.എ ആകട്ടെ ശബരിമല പ്രശ്നം ജനങ്ങളിൽ നിന്ന് മായാതെ നിൽക്കുന്നതിനും ഹൈന്ദവ വോട്ടുകൾ സ്വരൂപിക്കുന്നതിനുമുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകുന്ന പുതിയ സംഭവ വികാസങ്ങളും മുന്നണികളുടെ തെരഞ്ഞെടുപ്പു പ്രചാരണ അജണ്ടകളിൽ മാറ്റങ്ങൾക്ക് കാരണമാകും.
കേന്ദ്ര സർക്കാരിനെതിരെ റഫാൽ വിമാന ഇടപാടിൽ പ്രചാരണം നടത്താനാണ് യു.ഡി.എഫ് ആദ്യഘട്ടത്തിൽ പ്രധാനമായും ആലോചിച്ചിരുന്നത്. കോൺഗ്രസ് സംസ്ഥാന ഘടകം ഇതിനായി പ്രത്യേക പോസ്റ്ററുകൾ അച്ചടിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്തു കഴിഞ്ഞു.കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ കേരള യാത്രയുടെ തുടക്കത്തിൽ റഫാലായിരുന്നു പ്രധാന പ്രചാരണ വിഷയം. എന്നാൽ അതിനിടെ കാസർകോട് ഇരട്ടക്കൊലപാതകം പിന്നീട് ഇടതുപക്ഷത്തിനും സി.പി.എമ്മിനുമെതിരായ പ്രധാന ആയുധമാക്കി കോൺഗ്രസ് മാറ്റിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരായ പ്രചാരണവും ഇത്തവണ യു.ഡി.എഫ് സജീവമായി ഏറ്റെടുക്കും. മന്ത്രിമാരായ കെ.ടി.ജലീലിനെതിരെയും എ.കെ.ബാലനെതിരെയും ഉയർന്ന ബന്ധു നിയമന വിവാദങ്ങൾ യു.ഡി.എഫ് തെരഞ്ഞെടുപ്പു കാലത്ത് ഉപയോഗപ്പെടുത്തും.ബി.ജെ.പിക്കെതിരെ നോട്ട് നിരോധനം മുതൽ കർഷക ആത്മഹത്യ വരെയുള്ള വിഷയങ്ങളാകും യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ഉന്നയിക്കാനിരിക്കുന്നത്.
കാസർകോട് കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തെ പ്രതിസന്ധിയലാക്കുന്നുണ്ട്. ഈ വെല്ലുവിളി മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾക്ക് പരമാവധി പ്രചാരണം നൽകുകയാണ് ഇടതു നേതൃത്വം ചെയ്തുവരുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ സജീവമായി നടന്നു വരികയാണ്. ഒട്ടുമിക്ക പരിപാടികളിലും മുഖ്യമന്ത്രി നേരിട്ടോ വീഡിയോ കോൺഫറൻസിംഗ് വഴിയോ പങ്കെടുത്തുകൊണ്ടിരിക്കുന്നുണ്ട്. ദേശീയ തലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനും തെരഞ്ഞെടുപ്പു തന്ത്രങ്ങളാണ് ഇടതുപക്ഷം സംസ്ഥാനത്തും പ്രധാനമായും ആസൂത്രണം ചെയ്യുന്നത്.ശബരിമല വിഷയത്തിൽ ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പു തടയുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളും ഇടതുപക്ഷം നടത്തും. മലബാറിൽ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനാകുന്ന രീതിയിലുള്ള പ്രചാരണമാണ് മുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകുക.
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാക്കുന്നതിനാണ് വടക്കൻ കേരളത്തിലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ശ്രമിക്കുന്നത്. മറ്റു വിഷയങ്ങളിൽ ശബരിമല യുവതീപ്രവേശം മങ്ങിപ്പോകാതിരിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ഇടതുപക്ഷ സർക്കാർ ഹിന്ദുക്കൾക്ക് എതിരാണെന്ന പ്രചാരണത്തിലൂടെ ഹൈന്ദവ വോട്ടുകൾ കേന്ദ്രീകരിക്കുന്നതിനാകും എൻ.ഡി.എ ശ്രമം.
ഇതിന്റെ ഭാഗമായി ബി.ജെ.പിയുടെ പിന്തുണയോടെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മലബാറിലും അയ്യപ്പ സംഗമം സംഘടിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട എൻ.ഡി.എ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ മാതൃകയിൽ കോഴിക്കോട്ടും അയപ്പ സംഗമം നടത്തി വടക്കൻ കേരളത്തിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. കേന്ദ്ര സർക്കാർ കർഷകർക്ക് പ്രഖ്യാപിച്ച ആറായിരം രൂപയുടെ സഹായ പദ്ധതി ഇത്തവണ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധമാക്കും. സഹായ നിധിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ ഇതിനകം പല കർഷകർക്കും ലഭിച്ചുകഴിഞ്ഞു എന്നത് ബി.ജെ.പിക്ക് പ്രചാരണരംഗത്ത് അനുകൂല ഘടകമാകും.
ദേശീയ രാഷ്ട്രീയത്തോടൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെയും ഭരണരംഗത്തെയും വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പരിപാടികളാണ് മുന്നണികൾ ആലോചിക്കുന്നത്. ഈ ആഴ്ചയോടെ സ്ഥാനാർഥി നിർണയത്തിൽ ധാരണകളാകുന്നതോടെ വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പരിപാടികൾക്ക് മുന്നണികൾ ആരംഭം കുറിക്കും.






