റിയാദ് - സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് 'സൗദി സീസൺസ് 2019' പദ്ധതി പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ വർഷം സൗദി സീസൺസ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രവിശ്യകളെയും ഉൾപ്പെടുത്തിയ പതിനൊന്നു ടൂറിസം സീസണുകൾ പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. കിരീടാവകാശി അധ്യക്ഷനായ ഇവന്റ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ കഴിഞ്ഞ വർഷം മധ്യം മുതൽ ആരംഭിച്ച പ്രയത്‌നങ്ങളുടെ ഫലമാണ് 'സൗദി സീസൺസ് 2019' പദ്ധതി. സാംസ്‌കാരിക മന്ത്രാലയം, ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി, ജനറൽ സ്‌പോർട്‌സ് അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ എക്‌സിബിഷൻസ് ആന്റ് കോൺഫറൻസ് എന്നിവ ഇവന്റ്‌സ് കമ്മിറ്റിയിൽ അംഗങ്ങളാണ്.
വിവിധ പ്രവിശ്യകളുടെയും നഗരങ്ങളുടെയും സാംസ്‌കാരിക, ചരിത്ര, വിനോദ സഞ്ചാര സാധ്യതകൾക്ക് അനുസൃതമായി പ്രത്യേക ടൂറിസം പ്രോഗ്രാമുകൾ പദ്ധതിയുടെ ഭാഗമായി രൂപകൽപന ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ, ബിസിനസ് പരിപാടികൾ പദ്ധതിയുടെ ഭാഗമായി അരങ്ങേറും. താമസം, യാത്ര അടക്കമുള്ള അനുബന്ധ സേവനങ്ങളും പുറത്തിറക്കും. തെരഞ്ഞെടുത്ത ഓരോ പ്രവിശ്യയിലും നഗരങ്ങളിലും എത്തുന്ന സന്ദർശകർക്ക് സമ്പന്നമായ അനുഭവം നൽകുന്നതിന് സഹായകമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പശ്ചാത്തല സൗകര്യങ്ങളുടെ സുസജ്ജത ഉയർത്തുന്നതിനും ടൂറിസം മേഖലാ വളർച്ചക്ക് സഹായകമായ സേവനങ്ങളുടെ പൂർത്തീകരണം ഉറപ്പു വരുത്തുന്നതിനും പരീക്ഷണ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നു.
കിഴക്കൻ പ്രവിശ്യ സീസൺ, റമദാൻ സീസൺ, ഈദുൽഫിത്ർ സീസൺ, ഈദുൽഅദ്ഹ സീസൺ, തായിഫ് സീസൺ, ജിദ്ദ സീസൺ, ദേശീയദിന സീസൺ, റിയാദ് സീസൺ, ദിർഇയ സീസൺ, ഹായിൽ സീസൺ, അൽഉല സീസൺ എന്നിവയാണ് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യ സീസൺ മാർച്ചിലും റമദാൻ സീസൺ മേയിലും ഈദുൽഫിത്ർ സീസൺ ജൂണിലും ഈദുൽഅദ്ഹ സീസണും തായിഫ് സീസണും ഓഗസ്റ്റിലും ജിദ്ദ സീസൺ ജൂണിലും ദേശീയദിന സീസൺ സെപ്റ്റംബറിലും റിയാദ് സീസൺ ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും ദിർഇയ സീസൺ ഡിസംബറിലും ഹായിൽ, അൽഉല സീസണുകൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വിനോദ സഞ്ചാര മേഖലയുടെയും അനുബന്ധ മേഖലകളുടെയും വളർച്ചയും താൽക്കാലിക, സ്ഥിരം തൊഴിലവസരങ്ങൾ ലഭ്യമാക്കലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലും ആഭ്യന്തര തലത്തിലെ ധനവിനിയോഗം വർധിപ്പിക്കലും സമ്പത്തിക മേഖലക്ക് കരുത്തു പകരലും ഓജസ്സുറ്റ സമൂഹത്തിന്റെ നിർമിതിയും ആണ് സൗദി സീസൺസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് പറഞ്ഞു. സൗദി സീസൺസ് പരിപാടികൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സന്ദർശകർക്ക് അവസരമൊരുക്കുന്ന ഓൺലൈൻ പോർട്ടൽ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പുറത്തിറക്കിയിട്ടുണ്ട്. സീസണുകൾ ആരംഭിക്കുന്നതിനു മുമ്പായി അവയെ കുറിച്ച മുഴുവൻ വിവരങ്ങളും പോർട്ടലിൽ ലഭ്യമാക്കും. ആദ്യ സീസൺ പദ്ധതിയായ കിഴക്കൻ പ്രവിശ്യ സീസൺ മാർച്ച് മധ്യത്തിൽ ആരംഭിക്കും. സൗദി സീസൺസ് 2020 ഈ വർഷാവസാനം പ്രഖ്യാപിക്കും.