ദുബായ്- ഒരു പെട്ടിയുമായി ദുബായ് പോലീസിനെ നിരത്തില്‍ കണ്ടാല്‍ ഇനി പേടിക്കേണ്ടി വരും. കാരണം ഇതു വെറും പെട്ടിയല്ല. കൊണ്ടു നടക്കാവുന്ന ഒരു പോലീസ് സ്റ്റേഷന്‍ തന്നെയാണ്! കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ദുബായ് പോലീസ് അവതരിപ്പിച്ച നൂതന സംവിധാനമാണിത്. കാഴ്ചയില്‍ ഒരു ബ്രീഫ്‌കെയ്‌സാണെന്നെ തോന്നൂ. എന്നാല്‍ ആവശ്യ ഘട്ടങ്ങളില്‍ ഇതു തുറന്നാല്‍ ഒരു ഓപറേഷന്‍ റൂമായി തന്നെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഈ പെട്ടിക്കകത്തുണ്ട്. കമാന്‍ഡ് സെന്ററുമായി ആശയവിനിമയം നടത്താനും ഇതുപയോഗിച്ച് കഴിയും. പെട്ടി രൂപത്തിലുല്ല ഈ പുതിയ സാങ്കേതിക വിദ്യ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇ ഇന്നൊവേഷന്‍ മാസ പരിപാടിയുടെ ഭാഗമായാണ് ഈ രഹസ്യായുധം പോലീസ് അവതരിപ്പിച്ചത്.
ഇതുപയോഗിച്ച് അടിയന്തര സാഹചര്യങ്ങളില്‍ ഇനി കുറച്ചുകൂടി വേഗത്തില്‍ ഓടിയെത്താനും സഹായമെത്തിക്കാനും കഴിയുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഈ സജ്ജീകരണങ്ങളെല്ലാം ഉള്ള പോലീസ് വാഹനങ്ങള്‍ കടന്നു ചെല്ലാത്ത ഇടങ്ങളിലേക്കു വരെ ഈ പെട്ടി വഹിച്ചു കൊണ്ടു പോകാമെന്ന സൗകര്യവുമുണ്ട്. ഒരു സംഭവം നിരീക്ഷിക്കാനും കൃത്യസമയത്ത് നടപടികള്‍ സ്വീകരിക്കാനും ഇതുപയോഗിച്ച് സാധിക്കും. ദുബായ് പോലീസ് ഉപയോഗിക്കുന്ന പ്രാദേശിക ഇന്റര്‍നെറ്റ് സംവിധാനവുമായും ഈ പെട്ടിയെ ബന്ധിപ്പിക്കാനാകും.