ജിദ്ദ- കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടുണ്ടായ ചാവേറാക്രമണത്തിനു പിന്നാലെ ഇന്ത്യൻ ഗവൺമെന്റിന്റെയും മാധ്യമങ്ങളുടെയും തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രേരണയോടെ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വിദ്യാർഥികളും വ്യവസായികളും രാഷ്ട്രീയപ്രവർത്തകും അടക്കമുള്ള നിരപരാധികളായ കശ്മീരികളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ജീവിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിക്കുന്നതിനും സംഘം ചേരുന്നതിനുമുള്ള കശ്മീരികളുടെ അവകാശങ്ങളും മറ്റു അടിസ്ഥാന മനുഷ്യാവകാശങ്ങളും ഗുരുതരമായി ലംഘിക്കപ്പെടുകയാണ്. ചാവേറാക്രമണത്തിൽ പ്രതികാരം ചെയ്യുന്നതിനുള്ള പ്രേരണയോടെ തങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായേക്കുമെന്ന ഭീതിയിൽ 700 ലേറെ കശ്മീരി വിദ്യാർഥികൾ സ്വന്തം വീടുകളിൽ അഭയം തേടിയിരിക്കുകയാണ്.
തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകളുടെയും ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പ്രേരണയാൽ കശ്മീരികൾ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്നതിന്റെ വീഡിയോ ക്ലിപ്പിംഗുകൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കശ്മീരികൾക്കെതിരായ കൂടുതൽ ആക്രമണങ്ങൾക്ക് പ്രചോദനമാകുന്നു. വിദ്വേഷ പ്രചാരണം വ്യാപകമായതും ഇത്തരം പ്രചാരണങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കാത്തതും ഇന്ത്യൻ ജയിലുകളിൽ സഹതടവുകാരുടെ മർദനങ്ങൾക്ക് കശ്മീരികൾ വിധേയരാകുന്നതിന് ഇടയാക്കി. ജയ്പുർ സെൻട്രൽ ജയിലിൽ കശ്മീരി തടവുകാരനെ സഹതടവുകാർ കല്ലെറിഞ്ഞ് കൊലപ്പെടുത്തി.
കശ്മീരികളുടെ ജീവനും സ്വത്തിനും വ്യാപാര സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഇന്ത്യൻ ഗവൺമെന്റ് പരാജയപ്പെട്ടു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ കൺവെൻഷനുകളുടെയും നഗ്നമായ ലംഘനമാണ്. കശ്മീരികൾക്ക് സംരക്ഷണം നൽകുന്നതിന് ഇന്ത്യൻ ഗവൺമെന്റിനോട് സുപ്രീം കോടതി ഉത്തരവിടുന്നതിലേക്ക് നയിക്കുന്നതു വരെ സ്ഥിതിഗതികൾ വഷളായിരിക്കുന്നു. പുൽവാമ ഭീകരാക്രമണം നടന്നതു മുതൽ കടുത്ത വിദ്വേഷത്തിനും വിവേചനങ്ങൾക്കും മറ്റു പീഡനങ്ങൾക്കും കശ്മീരികൾ വിധേയരായിക്കൊണ്ടിരിക്കുകയാണ്.
കശ്മീരികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നത് സംഘർഷം സൃഷ്ടിക്കും. അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് അവസരം മുതലെടുക്കുന്നതിന് തീവ്രവാദികൾക്ക് സാഹചര്യമൊരുക്കും. സ്വന്തം ഭാഗധേയം തീരുമാനിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടിയുള്ള സമാധാനപരമായ കശ്മീരികളുടെ ചെറുത്തുനിൽപ് മൃഗീയമായി അടിച്ചമർത്തുന്നത് തുടരുകയാണ്. ഇതാണ് ചിലപ്പോഴൊക്കെ കടുത്ത തിരിച്ചടികളിലേക്ക് നയിക്കുന്നത്.
നിരപരാധികളായ കശ്മീരികളെ അടിച്ചമർത്തുന്നതിന് ഇന്ത്യൻ സൈന്യത്തെ കയറൂരി വിടുന്നതിന് ഇത്തരം തിരിച്ചടികളെ ഉപയോഗിക്കുന്നത് ഇന്ത്യൻ ഗവൺമെന്റ് ഒഴിവാക്കണം. ആരെയും അറസ്റ്റ് ചെയ്യുന്നതിനും ക്രൂരമായി പീഡിപ്പിക്കുന്നതിനും പ്രത്യേകാധികാരം സൈന്യം ദുരുപയോഗിക്കുകയാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതിനും പ്രദേശവാസികളുടെ വികാരം ഇളക്കിവിടുന്നതിനും മാത്രമേ ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ സഹായിക്കുകയുള്ളൂവെന്ന കാര്യത്തിൽ സംശയമില്ല.
കശ്മീരികളെയും ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ കഴിയുന്ന മുസ്‌ലിംകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ന്യായീകരണമായി പുൽവാമ ചാവേറാക്രമണത്തെ ഉപയോഗപ്പെടുത്തിയേക്കുമെന്ന യു.എൻ ഹൈക്കമ്മീഷനർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് മിചലെ ബാചലെറ്റിന്റെ ഭീതി ഒ.ഐ.സിയും പങ്കു വെക്കുന്നു. കശ്മീരികൾക്കെതിരായ ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് ഇന്ത്യൻ ഗവൺമെന്റ് സത്വര നടപടികൾ സ്വീകരിക്കണം. മനുഷ്യാവകാശ സ്ഥിതിഗതികൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് യു.എൻ ഹൈക്കമ്മീഷനർ ഫോർ ഹ്യൂമൻ റൈറ്റ്‌സും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും അടക്കമുള്ള മനുഷ്യാവകാശ സംഘടനകളെയും ഏജൻസികളെയും കശ്മീർ സന്ദർശിക്കുന്നതിന് ഇന്ത്യ അനുവദിക്കണമെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.






