മുമ്പേ പറക്കാൻ  ഇത്തവണ ലീഗില്ല

മലപ്പുറം-കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് മുമ്പ് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്ന ശൈലി ഇത്തവണയില്ല. യു.ഡി.എഫിനെ കാത്തുനിൽക്കാതെ കൺവെൻഷനുകൾ നടത്താറുള്ള മുസ്‌ലിം ലീഗ് ഇത്തവണ ആശയക്കുഴപ്പത്തിലാണ്. കൂടുതൽ സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ യു.ഡി.എഫ് തീരുമാനം നീണ്ടു പോകുന്നതും സ്ഥാനാർഥികൾ ആരെല്ലാമാകണമെന്നത് സംബന്ധിച്ച ആശയക്കുഴപ്പവുമാണ് മുസ്‌ലിം ലീഗിനെ വലക്കുന്നത്. യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനങ്ങൾ ഉണ്ടാകാത്തത് ലീഗിന് തീരുമാനങ്ങളെടുക്കുന്നതിൽ കാലതാമസമുണ്ടാക്കും. മാർച്ച് മൂന്നിന് നടക്കുന്ന അടുത്ത യു.ഡി.എഫ് യോഗത്തിന് ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാർഥികളാരെന്ന് വ്യക്തമാകൂ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ പാർലമെൻ് തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ തന്നെയായിരുന്നതിനാൽ സ്ഥാനാർഥികളെ കണ്ടെത്തുന്നതിൽ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ഒരു സീറ്റ് കൂടുതൽ വേണമെന്ന നിലപാടെടുത്തതോടെ യു.ഡി.എഫിന്റെ തീരുമാനത്തിനായി മുസ്‌ലിം ലീഗ് കാത്തു നിൽക്കുകയാണ്. കൂടുതലായി സീറ്റ് ലഭിക്കുകയാണെങ്കിലും ആ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ കൂടി കണ്ടെത്തിയ ശേഷമേ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കു.
സിറ്റിംഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും ഇത്തവണയും മൽസരിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ടെങ്കിലും സീറ്റ് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. പൊന്നാനിയിൽ ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീർ മൽസരിച്ചാൽ കടുത്ത മൽസരം നടക്കുമെന്ന വാർത്തകൾ പാർട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പൊന്നാനിയിൽ മുഹമ്മദ് ബഷീറിന് പകരം കുഞ്ഞാലിക്കുട്ടിയെ മൽസരിപ്പിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന അഭിപ്രായവും ഇതിനിടെ മുസ്‌ലിം ലീഗിൽ ശക്തമായിട്ടുണ്ട്. മുൻകാലങ്ങളിലില്ലാത്ത രീതിയിലുള്ള ആശയക്കുഴപ്പമാണ് സ്ഥാനാർഥി നിർണയത്തിൽ ഇത്തവണ ലീഗിലുള്ളത്.
സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് നടന്ന മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുപ്പിന്റെ പൊതുപ്രചാരണ പരിപാടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. അതേസമയം, പാർട്ടി പ്രവർത്തകരെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ജില്ലാ സമ്മേളനത്തിൽ സജീവമായിരുന്നു. സ്ഥാനാർഥി നിർണയം വൈകിയാലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏതു നിമിഷവും തുടങ്ങുന്നതിന് ഒരുങ്ങിയിരിക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

 

Latest News