Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പാക്കിസ്ഥാന്‍ വിമാനസര്‍വീസുകള്‍ മുടങ്ങി, യാത്രക്കാര്‍ കുടുങ്ങി

ഇന്ത്യയിലേക്കുള്ള സര്‍വീസുകളേയും ബാധിച്ചു

റിയാദ്/ദുബായ് - ഇന്ത്യാ, പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദിയയും യു.എ.ഇ വിമാനക്കമ്പനികളും ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ചില കമ്പനികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
വിമാന സര്‍വീസ് ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്തിയ ശേഷം മാത്രം വിമാനത്താവളങ്ങളിലെത്താന്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള യു.എ.ഇ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഇന്ത്യ ചില വിമാനത്താവളങ്ങള്‍ അടച്ചിട്ടെങ്കിലും പിന്നീട് തുറന്നിരുന്നു.
ദുബായില്‍നിന്നും അബുദാബിയില്‍നിന്നും പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, എയര്‍ബ്ലൂ തുടങ്ങിയ കമ്പനികളുടെ ഇന്ത്യയിലേക്കുള്ള ഏതാനും സര്‍വീസുകളേയും സംഘര്‍ഷം ബാധിച്ചു.

http://malayalamnewsdaily.com/sites/default/files/2019/02/27/flights.jpg

പാക്കിസ്ഥാനിലെ നിരവധി എയര്‍പോര്‍ട്ടുകളിലേക്കുള്ള സര്‍വീസുകള്‍ ഫ്‌ളൈദുബായ് നിര്‍ത്തിവെച്ചു. എമിറേറ്റ്‌സും സര്‍വീസ് നിര്‍ത്തി. ഷാര്‍ജയില്‍നിന്ന് ലാഹോറിലേക്കും കറാച്ചിയിലേക്കുമുള്ള എയര്‍ അറേബ്യ വിമാനങ്ങളും നിര്‍ത്തി. പെട്ടെനനുണ്ടായ തീരുമാനം നിരവധി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങാന്‍ ഇടയാക്കി.

ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്‌ലാമാബാദ് എയര്‍പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടുണ്ട്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യോമമേഖലകളിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര സര്‍വീസുകളെ ഇന്ത്യ-പാക് സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. ചില വിമാന സര്‍വീസുകള്‍ പറന്നുയര്‍ന്ന എയര്‍പോര്‍ട്ടുകളിലേക്കു തന്നെ മടങ്ങി. മറ്റു ചില വിമാനങ്ങള്‍ ബദല്‍ എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിട്ടതായും ലോകത്ത് വിമാന സര്‍വീസ് നിരീക്ഷണ സേവനം നല്‍കുന്ന 'ഫ്‌ളൈറ്റ്‌റഡാര്‍24' പറഞ്ഞു.

 

 

Latest News