1993, ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം രാജ്യത്ത് ആദ്യമായി വോട്ടെടുപ്പ് നടക്കുന്ന സമയം. ഇന്ത്യയിലെ മുഴുവൻ മാധ്യമശ്രദ്ധയും കേരളത്തിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലേക്കായിരുന്നു. രാഷ്ട്രപതിയായതിനെത്തുടർന്ന് കെ.ആർ. നാരായണൻ എം.പി സ്ഥാനം രാജിവെച്ചപ്പോഴാണ് ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സീറ്റ് നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത് കെ.കെ. ബാലകൃഷ്ണൻ എന്ന പയറ്റിത്തെളിഞ്ഞ നേതാവിനെയായിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി എസ്. ശിവരാമൻ അപ്രതീക്ഷിതമായി സി.പി.എം ടിക്കറ്റിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി. പിന്നീടുള്ളതെല്ലാം ചരിത്രം. കേരളം അതുവരെ കണ്ടതിനേക്കാളെല്ലാം മികച്ച ഭൂരിപക്ഷത്തിന് യുവനേതാവ് ജയിച്ചു. 1.32 ലക്ഷത്തിൽപരം വോട്ടിന് വിജയിച്ച ആ നേതാവ് കേരള രാഷ്ട്രീയത്തിൽ ഒരു കൊള്ളിയാൻ പോലെ മിന്നിമറയുന്നതാണ് പിന്നീട് കണ്ടത്. ഒരു കൊല്ലം കഴിഞ്ഞ് പൊതുതെരഞ്ഞെടുപ്പ് വന്നപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ ശിവരാമന്റെ പേരുണ്ടായിരുന്നില്ല. സി.പി.എമ്മിന് അനഭിമതനായി പിൽക്കാലത്ത് കോൺഗ്രസിൽ ചേക്കേറിയ ശിവരാമൻ പിന്നീട് അവിടെ നിന്നും പിണങ്ങിപ്പിരിഞ്ഞ് പഴയ സ്ഥലത്ത് തിരിച്ചെത്തി. നിലവിൽ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിക്കുന്നു.
താരപരിവേഷത്തോടെ ദൽഹിയിലെത്തിയ യുവനേതാവിനെ ഒരു വർഷത്തെ പ്രവർത്തനം കൊണ്ട് അനഭിമതനാക്കിയ കാരണങ്ങളെക്കുറിച്ച് പലതും പറഞ്ഞ് കേട്ടു. മണ്ഡലത്തിലെ സാധാരണ പ്രവർത്തകരുമായി അടുപ്പമുണ്ടാക്കാൻ കഴിയാതെ പോയതാണ് ശിവരാമന്റെ ക്ഷിപ്രമായ പതനത്തിന് കാരണമായതെന്ന് പൊതുവിൽ പറയാം. അക്കാലത്ത് പാലക്കാട് എം.പിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്. വിജയരാഘവനാണ് ശിവരാമനെ നിയന്ത്രിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു കയ്യൂർ സമരത്തിനിടയിൽ കൊല്ലപ്പെട്ട പോലീസുകാരന്റെ ഓർമ്മക്കായി നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സി.പി.എം എം.പി ഉദ്ഘാടനം ചെയ്തത്. ലക്കിടി കൂട്ടുപാതയിൽ പോലീസുകാരന്റെ ബന്ധുക്കൾ നിർമ്മിച്ച ഷെഡ് ഉദ്ഘാടനം ചെയ്തതിന് സി.പി.എം പരസ്യമായി ശിവരാമനെ തള്ളിപ്പറഞ്ഞു. പ്രവർത്തകരുടെ വികാരം മാനിക്കാത്ത ഒരാളെ എം.പിയായി കൊണ്ടു നടക്കുന്നതിനെതിരേ കീഴ്ഘടകങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ അടുത്ത തെരഞ്ഞെടുപ്പിൽ പകരക്കാരനായി എസ്. അജയകുമാർ എത്തി.
93ൽ ശിവരാമന്റെ തലയിൽ കറങ്ങിത്തിരിഞ്ഞ് വീണതാണ് സ്ഥാനാർത്ഥിത്വം. ദേശീയതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു വിദ്യാർത്ഥി നേതാവ് മൽസരിക്കണമെന്ന തീരുമാനം സി.പി.എം എടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ വയസ്സ് 26 തികയണം. അത്രയും പ്രായമായ ഒരു വിദ്യാർത്ഥിയെ ക്യാമ്പസ്സിൽ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ആൾ എസ്.സി വിഭാഗക്കാരനാവുകയും വേണമല്ലോ. എസ്.എഫ്.ഐയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമായിരുന്ന ശിവരാമൻ ചിത്രത്തിലേക്ക് വരുന്നത് അങ്ങനെയാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുറച്ചു കാലം പഠിപ്പ് അവസാനിപ്പിച്ച് മറ്റ് ജോലിക്ക് പോവുകയായിരുന്ന അദ്ദേഹം ആ വർഷമാണ് ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ എം.കോമിന് വീണ്ടും ചേർന്നത്. വയസ്സ് 26. മൽസരിക്കാൻ താൽപര്യമില്ലെന്നും പഠനം തുടരണമെന്നും ശിവരാമൻ സി.പി.എം നേതാക്കളോട് വ്യക്തമാക്കി. തുടർന്ന് ടി. ശിവദാസമേനോൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഏറെ നിർബ്ബന്ധിച്ചാണ് അദ്ദേഹത്തിന്റെ മനസ്സു മാറ്റിയത്. തെരഞ്ഞെടുപ്പിൽ ഉന്നതവിജയം നേടിയേേപ്പാൾ ശിവരാമന് നഷ്ടമായത് താൻ ഏറെ പണിപ്പെട്ട് തിരിച്ചു പിടിച്ച പഠനത്തിന്റെ ലോകമാണ്. ആ നൊമ്പരം ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ഏതെല്ലാമോ ഇരുളറകളെ കരണ്ടു തിന്നുകൊണ്ടിരിക്കുകയാണ്.






