കൊച്ചി- മൂന്നാം സീറ്റ് നൽകണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി. പരമാവധി സീറ്റിൽ കോൺഗ്രസ് മത്സരിക്കേണ്ട സഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ കൂടുതൽ സീറ്റ് നൽകാനാകില്ലെന്നുമായിരുന്നു കെ.പി.സി.സി നിലപാട്. ഇക്കാര്യത്തിൽ ഉച്ചക്ക് ശേഷവും ചർച്ച തുടരും. പൊന്നാനി, മലപ്പുറം സീറ്റുകൾക്ക് പുറമെ, മറ്റൊരു സീറ്റ് കൂടി ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളി. മൂന്നാമത്തെ സീറ്റ് ലഭിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുകയാണ്. തീരുമാനമാകാത്തതിനെ തുടർന്നാണ് ഉച്ചക്ക് ശേഷവും ചർച്ച തുടരുന്നത്. നേരത്തെ മൂന്നാം സീറ്റിന് വേണ്ടി ലീഗ് കാര്യമായ സമർദ്ദം ചെലുത്തില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ലീഗ് കടുംപിടിത്തം തുടർന്നു. അതേസമയം, ഇക്കാര്യം രമ്യമായി പരിഹരിക്കാനാകുമെന്നും സീറ്റ് ധാരണ ഇന്ന് പൂർത്തിയാകുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.






