സിനിമാ സ്റ്റൈല്‍ ഓപ്പറേഷന്‍; പ്രവാസിയെ മോചിപ്പിച്ച് ഹൊസ്ദുര്‍ഗ് പോലീസ്

പ്രതികളായ അബ്ദുല്‍ റഷീദും അബു ഭായിയും.

കാസര്‍കോട്- മംഗളൂരു കുദ്രോളിയില്‍ ക്ഷേത്രത്തിനടുത്ത് ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണുപ്രസാദും കമാന്‍ഡോ ഓപ്പറേഷന്‍ പരിശീലനം നേടിയ നാലു പോലീസുകാരും ഒളിച്ചിരുന്നു. ക്ഷേത്രത്തിലുള്ളവരുടെ സഹായത്തോടെ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തായി വാഹനം ഒളിപ്പിച്ച ശേഷം ഗുണ്ടാത്തലവന്മാരെ കുടുക്കാന്‍ നടത്തിയ ഓപ്പറേഷന്‍ സക്‌സസ്. മഞ്ചേശ്വരം സ്വദേശി പടന്നക്കാട് ഹനീഫയെ (42) തടഞ്ഞുവെച്ച് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടവരെയാണ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ പൊക്കിയത്.
ഗള്‍ഫില്‍ നടന്ന മൂന്നു കോടിയുടെ ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് തടഞ്ഞു വെക്കലിലും വിലപേശലിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹ ശേഷം പടന്നക്കാട് താമസമാക്കിയ ഹനീഫയെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാം എന്ന ഭാവത്തില്‍ സൗഹൃദം നടിച്ച് കഴിഞ്ഞ ശനിയാഴ്ച കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഹനീഫയെ കാണാനില്ലെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ മിസ്സിംഗ് കേസാണ് പോലീസ് എടുത്തിരുന്നത്. എന്നാല്‍ ബന്ദിയാക്കിയ സംഘം 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഹനീഫയെക്കൊണ്ട് ഭാര്യയെ വിളിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണത്തിന്റെ ദിശ മാറ്റിയത്.
പണം വാങ്ങാന്‍ വീട്ടിലെത്തണമെന്ന് ഹനീഫയുടെ ഭാര്യയെക്കൊണ്ട് പോലീസ് പറയിച്ചു. ഇതു പ്രകാരം എത്തിയ ഇടനിലക്കാരന്‍ മുക്കൂട് സ്വദേശി റഷീദിനെ കസ്റ്റഡിയില്‍ എടുത്ത എസ്.ഐയും സംഘവും അയാളുമായി മംഗളൂരുവിലേക്ക് കുതിച്ചു. മംഗളൂരു പോലീസിന്റെ സഹായവും തേടി. റഷീദിനെ കൊണ്ട് ഫോണ്‍ ചെയ്ത് 25 ലക്ഷം വാങ്ങിക്കാന്‍ ഗുണ്ടാ സംഘത്തെ ഗോകര്‍ണനാഥ ക്ഷേത്രത്തിന് സമീപം വിളിച്ചുവരുത്തി. ഗുണ്ടാത്തലവനും ഇരുപതോളം വരുന്ന സംഘവും ആയുധങ്ങളുമായാണ് എത്തിയത്. മംഗളൂരു പോലീസിന്റെ സഹായത്തോടെ തുടര്‍ന്നു നടന്നത് സിനിമയെ വെല്ലുന്ന ഏറ്റുമുട്ടല്‍. ഗുണ്ടാത്തലവന്മാരായ മംഗളൂരു കുദ്രോളിയിലെ അബ്ദുല്‍ റഷീദ് ഉസ്താദ് (25), കുദ്രോളിയിലെ അബു ഭായി എന്ന അബൂബക്കര്‍ ഉസ്മാന്‍ (40) എന്നിവരെ പോലീസ് പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മംഗളൂരു ബന്തര്‍ തുറമുഖത്തിന് സമീപം രണ്ടുനില വീട്ടില്‍ ബന്ദിയാക്കിയിരുന്ന ഹനീഫയെ മോചിപ്പിക്കുകയും ചെയ്തു. ഇവരെയും കൊണ്ട് പോലീസ് രാവിലെ ഹൊസ്ദുര്‍ഗിലെത്തി. അറസ്റ്റിലായ പ്രതികളെ വൈകീട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസുകാരായ പ്രസാദ്, രഞ്ജിത്ത്, സനീഷ്, രതീഷ് ചന്ദ്രന്‍ എന്നിവരാണ് എസ്.ഐയെ കൂടാതെ സംഘത്തിലുണ്ടായിരുന്നത്.

 

Latest News