പിഞ്ചു കുഞ്ഞുമായി ദുരിത ജീവിതം; എല്ലാവരേയും പഴിച്ച് ശമീമ ബീഗം

ലണ്ടന്‍-ജീവിതത്തില്‍ നേരിട്ട വലിയ പ്രതിസന്ധയില്‍ മാധ്യമങ്ങളെ ആശ്രയിച്ചതില്‍ നിരാശയോടെ ശമീമ ബീഗം. താന്‍ അകപ്പെട്ട സാഹചര്യം മാധ്യമങ്ങളോട് വിശദീകരിച്ചത് സ്വദേശമായ ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ശ്രമത്തെ ബാധിച്ചതായി ഐ.എസ് പെണ്‍കുട്ടിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ശമീമ പറയുന്നു.
ഐ.എസില്‍ ചേര്‍ന്നതില്‍ ഖേദമില്ലെന്ന് ആദ്യം വ്യക്തമാക്കിയ ശമീമ പിന്നീട് മാറാന്‍ തയാറാണെന്ന് പ്രസ്താവിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിന് പ്രാധാന്യം നല്‍കിയിരുന്നില്ല.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ, 19 ാം വയസ്സില്‍ കിഴക്കന്‍ ലണ്ടനില്‍നിന്ന് സറിയയിലേക്ക് യാത്ര ചെയ്ത് ഐ.എസില്‍ ചേര്‍ന്ന ശമീമയുടെ പൗരത്വം റദ്ദാക്കുമന്നും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കിയിരിക്കയാണ് ബ്രിട്ടന്‍.  ജനപ്രീതി ലക്ഷ്യമാക്കിയുള്ള ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
മാധ്യമങ്ങളോട് സംസാരിച്ചതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. അവര്‍ എന്നെ ഒരു മാതൃകയായി അവതരിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ വേറെ വഴി കണ്ടെത്തേണ്ടിയിരുന്നു- ശമീമ സണ്‍ഡെ ടെലഗ്രാഫിനോട് പറഞ്ഞു.
സിറിയയില്‍ ഐ.എസ് നാമാവശേഷമായിരിക്കെ അതില്‍ ചേര്‍ന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമന്ന ചര്‍ച്ചക്ക് തീ കൊളുത്തിയിരിക്കയണ് ബ്രിട്ടനില്‍. ശമീമ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുമായി സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാണ് ശമീമയുടെ ആവശ്യം.
ഐ.എസ് പോലുള്ള സംഘടനകളില്‍നിന്നായി 400 ബ്രിട്ടീഷുകാര്‍ കഴിഞ്ഞ വര്‍ഷം മടങ്ങിയിട്ടുണ്ടെന്ന് ഹോം ഓഫീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സ്വദേശമില്ലാതാക്കുന്ന തരത്തില്‍ ഒരാളുടെ പൗരത്വം എടുത്തുകളയരുതെന്ന് അന്താരാഷ്ട്ര നിയമം വ്യക്തമാക്കുന്നുണ്ട്. ബംഗ്ലാദേശ് പൈതൃകമുള്ള ശമീമ, താന്‍ ഒരിക്കലും ബംഗ്ലാദേശ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ശമീമയെ പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടുമുണ്ട്. ശമീമയുടെ നവജാത ശിശുവിനെ ബ്രിട്ടനിലെത്തിക്കാന്‍ സഹായിക്കണമെന്ന് ശമീമയുടെ മൂത്ത സഹോദരി റെനു ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് അപേക്ഷ നല്‍കി കാത്തിരിക്കയാണ്. ശമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കുന്നത് കുഞ്ഞിന്റെ പൗരത്വത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സര്‍ക്കാര്‍ തീരുമാനം എന്താണോ അതാണ് നടപ്പിലാകേണ്ടതെന്ന് ശമീമ ബീഗത്തിന്റെ പിതാവ് അഹ്്മദ് അലിയെ (60) ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ സര്‍ക്കാരിന്റെ ഭാഗത്താണെന്നാണ് വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ സുനംഗഞ്ചില്‍ കഴിയുന്ന അഹ്്മദ് അലി പറഞ്ഞത്.
ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പൗരത്വം റദ്ദാക്കണമെന്നാണ് രാജ്യത്തിന്റെ നിയമം വ്യക്തമാക്കുന്നതെങ്കില്‍ ഞാന്‍ അത് അംഗീകരിക്കും. തെറ്റാണ് ചെയ്തതെന്ന് അവള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ മാത്രമല്ല, എല്ലാവരും അവളോട് ക്ഷമിക്കുമായിരുന്നു. പക്ഷേ, അവള്‍ തെറ്റ് സമ്മതിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
മകന്‍ രോഗബാധിതനാണെന്നും താനില്ലാതെ അവനെ മാത്രം ബ്രിട്ടനിലേക്ക് അയക്കില്ലെന്നും ശമീമ പറയുന്നു.
സിറിയയിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ തനിക്ക് പലപ്പോഴും ഭക്ഷണം ലഭിക്കുന്നില്ലെന്നും തന്റെ കാര്‍ഡ് നഷ്ടപ്പെട്ടുവെന്നും ശമീമ സ്‌കൈ ന്യൂസിനോട് പറഞ്ഞു. കുഞ്ഞിന് അസുഖമായതിനാല്‍ യഥാസമയം പോയി ഭക്ഷണം വാങ്ങാന്‍ സാധിക്കുന്നില്ല. തന്റെ പ്രശ്‌നം അല്‍പം കാരുണ്യത്തോടെ പരിഗണിക്കണമെന്ന് അവര്‍ ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ഥിച്ചു.

 

Latest News