മലപ്പുറം- കേരളം ദൈവത്തിന്റെ നാടല്ല, ചെകുത്താൻ ഭരിക്കുന്ന നാടാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എൽ.എ. മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഷാജി. ചെകുത്താൻ ഭരിക്കുന്ന നാടിന് ദൈവത്തിന്റെ നാട് എന്ന് പറയാനാകില്ല. രണ്ടു ചെറുപ്പക്കാർ ചോരയിൽ കിടന്ന് പുളയുമ്പോൾ ദുബായിൽ കൊട്ടാരത്തിൽ പിണറായി വിജയൻ തന്റെ ഭാര്യക്കൊപ്പമായിരുന്നു. ഭാര്യയെ കൊണ്ടുപോകുന്നതിന് എതിരല്ല. പക്ഷെ, അത് നികുതിപ്പണത്തിലാകരുത്. പിണറായിയുടെ ഭാര്യക്ക് മാത്രമല്ല സ്വപ്നമുള്ളത്. ഷുക്കൂറിനും കൃപേഷിനും ശരത്‌ലാലിനും സ്വപ്നങ്ങളുണ്ടായിരുന്നു. തെരുവിൽ ചത്ത് മരിക്കാൻ സാധുക്കളെ രംഗത്തിറക്കുകയാണ്. കേരളത്തിലെ മറ്റെല്ലാ പാർട്ടികളും സി.പി.എം വേണ്ട എന്ന് ഒറ്റക്കെട്ടായി പറയുകയാണ്. ഏറ്റവും വലിയ സർഗാത്മകത ജീവിക്കാൻ കഴിയുക എന്നതാണ്. ജീവിക്കാൻ പോലും അവകാശം നൽകാത്ത ഈ പ്രാകൃതരാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ.
ടി.പി വധക്കേസിലെ പ്രതി ഷാഫിക്ക് ഗോവയിൽ പെണ്ണുങ്ങളോടൊത്തെ ആടിപ്പാടാൻ സഹായം നൽകിയത് കോടിയേരിയുടെ മകനാണ്. ഉത്തമബോധ്യത്തോടെയാണ് ഈ ആരോപണം ഉന്നയിക്കുന്നെതന്നും ഷാജി വ്യക്തമാക്കി.
രക്തസാക്ഷികളെ ആഘോഷിക്കാൻ ലീഗ് പറയില്ല. ഏത് രക്തസാക്ഷിയുടെയും കുടുംബത്തിനാണ് നഷ്ടം. ഫസലിന്റെ കൊലപാതകത്തിന് ശേഷം മൂന്നു കൊലപാതകങ്ങളുണ്ടായി. ഒരാളെ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ട്. മറ്റൊരാളെ റെയിൽവേ ട്രാക്കിൽ കൊണ്ടുപോയിട്ടു. മറ്റൊരാളെ കുത്തിക്കൊന്നു. കണ്ണൂരിൽ ആയിരം വട്ടം ഇക്കാര്യം പ്രസംഗിച്ചു. എന്റെ പേരിൽ കേസെടുക്കാൻ പറഞ്ഞു. ഇതേവരെ എടുത്തില്ല. കേസെടുത്താൽ അന്വേഷണം വേണ്ടിവരുമെന്ന് മാർക്‌സിസ്റ്റ് പാർട്ടിക്കറിയാം. പോലീസിന്റെ കണ്ണിൽ പെടാതെ എത്രയോ പേരെ പാർട്ടി ഗ്രാമങ്ങളിൽ കൊന്നൊടുക്കുന്നു. ഇതുപോലുള്ള പാർട്ടിയുടെ നേതാക്കൾ ഇളിച്ചുകാണിക്കുമ്പോഴേക്കും അവരുടെ മുന്നിൽ ചെന്ന് ഓക്കാനിച്ച് നിൽക്കുന്ന കുറെ സമുദായാംഗങ്ങളെ ഓർത്ത് നാണം തോന്നുന്നു.
ഷുക്കൂറിനെ കൊന്നത് ആൾക്കൂട്ട മനശാസ്ത്രം എന്നാണ് ഷംസീർ പറയുന്നത്. ഇതേകാര്യം തന്നെയല്ലേ ഉത്തരേന്ത്യയിൽ സംഘ്പരിവാറും പറയുന്നത്. പിണറായി മുഖത്തേക്ക് നോക്കുമ്പോൾ മൂത്രമൊഴിക്കുമെന്ന് കരുതി പാംപേഴ്‌സും കെട്ടിനടക്കുന്ന ഇവനൊക്കെ എവിടുത്തെ യൂത്ത് നേതാവാണെന്നും ഷാജി ചോദിച്ചു.






