ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ സത്യാവസ്ഥ പുറത്തുവരും-രാജ് താക്കറെ

കോലാപുര്‍- കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാര്‍ രാഷ്ട്രീയ ഇരകളാണെന്നും സത്യം പുറത്തുവരാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്യണമെന്നും മഹരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറേ.
എന്‍.എസ്.എയുടെ അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സത്യാവസ്ഥ പുറത്തുവരും- മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലായില്‍ രാജ് താക്കറെ പറഞ്ഞു.
പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോര്‍ബെറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ഭീകരാക്രമണത്തെ കുറിച്ചുള്ള ഫഌഷ് ന്യൂസുകള്‍ വന്നിട്ടും മോഡി ഷൂട്ടിംഗ് തുടര്‍ന്നു- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് രാജ് താക്കറേയും ആവര്‍ത്തിച്ചിരിക്കുന്നത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ രാഷ്ട്രീയ ഇരകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സര്‍ക്കാരുകളും രാഷ്ട്രീയ ഇരകളെ ഉണ്ടാക്കുന്ന ഏര്‍പ്പാടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ മോഡിയുടെ ഭരണത്തില്‍ ഇതിന്റെ തവണകള്‍ വര്‍ധിച്ചുവെന്ന് മാത്രം- രാജ് താക്കറെ പറഞ്ഞു.
രാഷ്ട്രീയ ജീവതത്തില്‍ രാജ് താക്കറെ എപ്പോഴും മിമിക്രിയാണ് കാണിച്ചതെന്നും ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഡോവലിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ബി.ജെ.പി വക്താവ് മാധവ് ഭണ്ഡാരി പ്രതികരിച്ചു.

 

Latest News