ഭീകരവാദികളോട് മോഡിക്ക് നിസ്സംഗത- ശശി തരൂര്‍

ദോഹ- ഭീകരവാദികളോട് പ്രധാനമന്ത്രിക്ക് നിസ്സംഗതയാണെന്ന് ശശി തരൂര്‍ എം.പി. പാക്കിസ്ഥാന്‍ ആക്രമിക്കുമ്പോള്‍ നിസ്സഹായരായിരിക്കാനേ അധികാരികള്‍ക്ക് കഴിയുന്നുള്ളൂവെന്നും പുല്‍വാമയില്‍ 40 സൈനികര്‍ രക്തസാക്ഷികളാകേണ്ടി വന്ന പശ്ചാത്തലം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നേരെ പല ചോദ്യങ്ങളുമുയര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. ദോഹയില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച മലപ്പുറം പെരുമ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ  ചെറിയ കാര്യങ്ങള്‍  ഉയര്‍ത്തിക്കാട്ടി  പാക്കിസ്ഥാനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണമുന്നയിച്ച നരേന്ദ്രമോഡിയുടെ പഴയകാല പ്രഭാഷണങ്ങള്‍  സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണിപ്പോള്‍. സുരക്ഷാ വീഴ്ചയും ഇത്തരം വിമര്‍ശങ്ങളും നിരന്തരം പ്രധാനമന്ത്രിയെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഒരു കിലോ ബീഫ് കൊണ്ടുനടക്കുമ്പോള്‍ കാണിക്കുന്ന ജാഗ്രതപോലും 350 കിലോ ആര്‍ ഡി എക്‌സ് കടത്തിക്കൊണ്ടുപോയപ്പോഴുണ്ടായിട്ടില്ലെന്ന് ഡോ. ശശി തരൂര്‍ പരിഹസിച്ചു.  ഭരണഘടന തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദേശ സുരക്ഷയില്‍ കാര്യമായ ജാഗ്രത ഉണ്ടായിക്കൊള്ളണമെന്നില്ല. മോഡിക്കും ആര്‍.എസ്.എസിനും രാജ്യമെന്നത് ജനത മാത്രമാണ്. ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം സഫലമാക്കാനുള്ള പ്രയത്‌നത്തിലാണ് അവരുടെ നീക്കങ്ങള്‍. ഭരണഘടന പിച്ചിച്ചീന്തിയ ദീന്‍ദയാല്‍ ഉപാധ്യായയെ നേതാവായിക്കാണുന്നയാളാണ് നരേന്ദ്രമോഡി. ഭരണഘടന വിശുദ്ധ ഗ്രന്ഥമായിക്കാണേണ്ടുന്ന ഒരു പ്രധാനമന്ത്രിക്ക് എങ്ങിനെയാണ് അങ്ങിനെ സാധിക്കുക?
അമ്പതുവര്‍ഷം പിന്നിടുന്ന മലപ്പുറം ജില്ല മതേതരത്വത്തിന് ലോകമാതൃകയാണെന്നും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ളവരുടെ പൊതുജീവിതം മതേതരത്വം സംരക്ഷിക്കാന്‍ സമര്‍പ്പിതമായിരുന്നുവെന്നും ഉദാഹരണ സഹിതം ശശി തരൂര്‍ വിശദീകരിച്ചു.
മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രസംഗിച്ചു.  ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

 

Latest News