ദമാം- പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന് ഇന്ത്യയില്‍ വനിതകള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം'. കിഴക്കന്‍ പ്രവിശ്യയില്‍ വീട്ടുജോലിക്കും മറ്റുമെത്തി ദുരിതത്തിലായ ഇന്ത്യന്‍ വനിതകള്‍ക്കായി നടത്തിയ സേവനങ്ങളെ മാനിച്ചാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് പുരസ്‌കാരം നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യന്‍ വനിതകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. മാര്‍ച്ച് എട്ടിന് ദല്‍ഹിയില്‍ രാഷ്ട്രപതിയുടെ കയ്യില്‍നിന്ന് മഞ്ജു മണിക്കുട്ടന്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയായ മഞ്ജു മണിക്കുട്ടന്‍ എട്ടു വര്‍ഷം മുമ്പാണ് ഭര്‍ത്താവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനുമായ പത്മനാഭന്‍ മണിക്കുട്ടന്റെ കൂടെ സൗദിയിലെത്തിയത്. മക്കളായ അഭിജിത്ത്, അഭിരാമി എന്നിവരും ദമാമിലുണ്ട്.
ദമാമില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന മഞ്ജു ഒരു സാധാരണ വീട്ടമ്മയായി കഴിയുകയായിരുന്നു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തുമായി പരിചയപ്പെടാന്‍ ഇടയായതാണ് മഞ്ജുവിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ദമാം വനിതാ അഭയ കേന്ദ്രത്തിലെ അശരണരായ വനിതകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു കൊണ്ടിരുന്ന സഫിയാ അജിത്തിന്റെ വലംകൈയായി മഞ്ജു മാറി. കാന്‍സര്‍ രോഗബാധിതയായിരുന്ന സഫിയ അപ്രതീക്ഷിതമായി 2016 ല്‍ മരിച്ചതോടെ പൂര്‍ത്തിയാക്കാനാകാതെ പോയ കേസുകള്‍ മഞ്ജുവിന് ഏറ്റെടുക്കേണ്ടി വന്നു. ഈ കേസുകളെല്ലാം വളരെ പെട്ടെന്നു പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് വനിതാ അഭയ കേന്ദ്രത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല നവയുഗം ജീവകാരുണ്യ വിഭാഗം മഞ്ജു മണിക്കുട്ടന് നല്‍കി.