ഡെറാഡൂണ്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. ഇതിനു മുമ്പ് രണ്ട് തവണ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും രാമക്ഷേത്രം നിര്‍മാക്കാന്‍ പാര്‍ട്ടി ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇനിയും അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന ചോദ്യത്തിന് തന്റെ നിലപാട് മാധ്യമങ്ങളില്‍വന്നതാണെന്നും കോണ്‍ഗ്രസ് നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി.
രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പിക്ക് ആത്മാര്‍ഥതയില്ലെന്നും അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും റാവത്ത് ആരോപിച്ചു. ക്ഷേത്രം നിര്‍മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സുഗമമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമാണ് ദേശീയവാദിയെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നമ്മള്‍ എല്ലാവരും ദേശീയവാദികളാണ്. രാജ്യത്തെ ഓരോ പൗരനും ദേശീയവാദിയാണ്. മോഡിയെ മാത്രം രാജ്യസ്‌നേഹിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കൃഷിയുടെ തകര്‍ച്ച ആശങ്കാ ജനകമാണ്. ഒമ്പത് ലക്ഷം കര്‍ഷകരുണ്ടായിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ, അരലക്ഷം പേര്‍ കൃഷി ഉപേക്ഷിച്ചു. കഴിഞ്ഞ നവംബര്‍ ഏഴിനു നടന്ന നിക്ഷേപക സമ്മേളനത്തിനുശേഷം ഒരു ഡസനോളം ഫാക്ടറികള്‍ അടച്ചപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഭൂനിയമങ്ങളില്‍ വരുത്തിയ ഭേദഗതി ജനങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുമെന്നും അദാനിയും രാംദേവും ഭൂമി വാങ്ങിക്കൂട്ടുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.