Sorry, you need to enable JavaScript to visit this website.

ശമ്പളം വെട്ടിക്കുറച്ചതിന് പ്രതികാരമായി 15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; പ്രവാസി ഇന്ത്യക്കാരനുമേല്‍ കുറ്റംചുമത്തി

ദുബായ്- സിറിയക്കാരനായ കമ്പനി ഉടമ ശമ്പളത്തില്‍ നിന്നും 4000 ദിര്‍ഹം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കമ്പനി കരാറുകാരുടെ 15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് പ്രതികാരം ചെയ്ത 33-കാരന്‍ പ്രവാസി ഇന്ത്യന്‍ യുവാവ് കുറ്റക്കാരനാണെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചു. വെട്ടിക്കുറച്ച തുക തന്നില്ലെങ്കില്‍ കമ്പനിയുടെ ക്ലയന്റുകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്ന് കമ്പനി ഉടമയെ 2016 ജൂണില്‍ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് അല്‍ മുറഖബാത് പോലീസ് സ്റ്റേഷനിലാണ് കമ്പനി ഉടമ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക്‌മെയ്ല്‍ ചെയ്യല്‍, നിയമവിരുദ്ധമായി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.

47-കാരനായ സിറിയന്‍ വ്യവസായിക്കു വേണ്ടി കംപ്യൂട്ടര്‍ പ്രോഗ്രമാറായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. വെബ് പോര്‍ട്ടലുകള്‍ ഉണ്ടാക്കുകയും പ്രോഗ്രാം ചെയ്യുകയും വെബ്‌സൈറ്റുകള്‍ മാനേജ് ചെയ്യുകയുമായിരുന്നു ചുമതല. മാസങ്ങള്‍ക്കു ശേഷം ഈ ജോലി ഒഴിയുകയാണന്ന് കാണിച്ച് പ്രതി ആദ്യം ഒരു മെയ്ല്‍ അയച്ചു. ഈ ഘട്ടത്തില്‍ ജോലി വിട്ടാല്‍ കമ്പനിക്ക് 12,000 ദിര്‍ഹമിന്റെ നഷ്ടം വരുമെന്നും അതിനാല്‍ പ്രതിമാസ ശമ്പളത്തില്‍ നിന്നും 2000 വെട്ടിക്കുറക്കുമെന്നും ഉടമ പ്രതിയെ അറിയിച്ചിരുന്നു. പ്രതി ഇതു അംഗീകരിക്കുകയും രാജിവയ്ക്കുന്നതിനു മുമ്പ് രണ്ടു മാസം കൂടി ജോലിയില്‍ തുടരുകയും ചെയ്തു. പിന്നീട് 10 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിയായ ഇന്ത്യന്‍ യുവാവ് വെട്ടിക്കുറച്ച രണ്ടു മാസത്തെ ശമ്പളമായ 4000 ദിര്‍ഹം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു നല്‍കിയില്ലെങ്കില്‍ ക്ലയന്റുകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്നായിരുന്നു ഭീഷണി. പിന്നടീ 15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് അവയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാക്കുകയും ചെയ്തു. ഇതുകാരണം നിരവധി ക്ലയന്റുകള്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരികയും വന്‍ നഷ്ടം സഹിക്കേണ്ടി വന്നുവെന്നും സിറിയന്‍ വ്യവസായി ഇന്ത്യക്കാരനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ വിചാരണ മാര്‍ച്ച് ഏഴിനു തുടരും.
 

Latest News