കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഒരു ക്ലബില്‍ രണ്ടു പെണ്സുഹൃത്തുക്കളെ മാനഭംഗ ശ്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച 28-കാരനെ ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. ത്രിപുരനഗറിലെ ക്ലബില്‍ ഫെബ്രുവരി 14-നാണ് സംഭവം. കൂട്ടമര്ദനമേറ്റ അരുപ് ബിസ്വാസ് എന്ന യുവാവ് ബുധനാഴ്ച രാത്രി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് അരൂപിനൊപ്പമുളള രണ്ടു പെണ്സുഹൃത്തുക്കളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് അരൂപ് തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ അഞ്ചോളം ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് അരൂപിനെ അടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ആരേയും പിടികൂടിയിട്ടില്ല. അതേസമയം അഞ്ചു പേര്‍ക്കെതിരെ കൊലപാത കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം അരൂപിനെ വിളക്കുകാലില്‍ കെട്ടിയിട്ട് അടിച്ചിട്ടുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലബ് അംഗങ്ങല്‍ അരൂപിനെ ബലപ്രയോഗത്തിലൂടെ വിഷം കുടിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ക്ലബ് അംഗങ്ങള്‍ 40000 രൂപ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.






