Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അട്ടിമറിക്ക് കാതോർത്ത് കണ്ണൂർ

രാഷ്ട്രീയാഗ്‌നി തിളക്കുന്ന കണ്ണൂരിന്റെ നെരിപ്പോടിൽ ഇത്തവണ അട്ടിമറിയുടെ സ്‌ഫോടനത്തിന് സാധ്യത തെളിയുന്നു. കുറച്ചു കാലമായി പ്രവചനാതീതമായ തെരഞ്ഞെടുപ്പുകളിലൂടെ കടന്നു പോകുന്ന കണ്ണൂരിൽ ഇത്തവണ അടിയൊഴുക്കുകൾ ഇടതുമുന്നണിക്ക് എതിരാണ്. എന്നാൽ സി.പി.എമ്മിന്റെ കോട്ടയിൽ വിമർശനങ്ങളെയും പ്രചാരണങ്ങളെയും മറികടക്കാനുള്ള ശേഷി പാർട്ടിക്കുണ്ടെന്നതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം.
അക്രമ രാഷ്ട്രീയവും തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിയും എക്കാലത്തും ചർച്ചയാകാറുള്ള കണ്ണൂരിലെ തെരഞ്ഞെടുപ്പിൽ ഇത്തവണയും വിഷയങ്ങളിൽ മാറ്റങ്ങളേറെയുണ്ടാവില്ല. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എംനേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റക്കാരെന്ന് സി.ബി.ഐ കണ്ടെത്തിയത് ഇടതുപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവും കണ്ണൂരിൽ ഇടതുപക്ഷത്തിനെതിരായ കടുത്ത പ്രചാരണായുധമായി മാറും. ഇത്തരം പ്രതിസന്ധികളെയെല്ലാം രാഷ്ട്രീയ ശക്തിയിൽ മറികടന്ന് കണ്ണൂർ സീറ്റ് നിലനിർത്തുകയെന്നതാണ് ഇടതുമുന്നണിക്ക് മുന്നിൽ ഇത്തവണയുള്ള വെല്ലുവിളി.
കുറച്ചു കാലമായി കണ്ണൂരിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറികളുടേതാണ്. ഒരു മുന്നണിക്ക് ദീർഘകാലം വിജയം തീറെഴുതിക്കൊടുത്തിരുന്ന പഴയ കാലം പോയി. പ്രമുഖ നേതാക്കളെ വാഴിക്കുകയും വീഴ്ത്തുകയും ചെയ്ത ചരിത്രം കണ്ണൂരിനുണ്ട്.
1984 മുതൽ 1999 വരെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്നു കണ്ണൂർ. 84 ൽ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി വെച്ച വിജയഗാഥ അവസാനിച്ചത് 99 ലാണ്. ആ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയെ അട്ടിമറിച്ച് സി.പി.എമ്മിലെ പി.പി. അബ്ദുള്ളക്കുട്ടി യു.ഡി.എഫിന്റെ വിജയക്കുതിപ്പിന് തടയിട്ടു. 
കണ്ണൂരിൽ സി.പി.എമ്മിന്റെ അദ്ഭുതക്കുട്ടിയായി മാറിയ അബ്ദുല്ലക്കുട്ടി 2004 ലും വിജയം ആവർത്തിച്ചു. 
2009 ൽ കണ്ണൂരിലെ വോട്ടർമാർ മാറിച്ചിന്തിച്ചു. സീറ്റ് നിലനിർത്താനായി ഇടതുപക്ഷം നിയോഗിച്ച സി.പി.എമ്മിലെ കെ.കെ. രാജേഷിനെ അട്ടിമറിച്ച് കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ വിജയം നേടി. 43,151 വോട്ടുകൾക്കായിരുന്നു സുധാകരന്റെ വിജയം. അടുത്ത തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാൻ സുധാകരൻ സ്ഥാനാർഥിയായെങ്കിലും കണ്ണൂരിലെ വോട്ടർമാർ കൈവിട്ടു. സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർ 6566 വോട്ടുകൾക്ക് സുധാകരനെ തറപറ്റിച്ചു.
ശ്രീമതി ടീച്ചറുടെ വിജയം വലിയ അട്ടിമറിയായിരുന്നു. 2009 ലെ തെരഞ്ഞെടുപ്പിനേക്കാൾ അര ലക്ഷത്തിലേറെ വോട്ടുകൾ അധികമായി ഇടതുമുന്നണിക്ക് നേടിക്കൊടുത്താണ് ശ്രീമതി ടീച്ചർ വിജയിച്ചത്. ഇടതുമുന്നണി 4,27,622 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിന് ലഭിച്ചത് 4,21,056 വോട്ടുകൾ. എന്നാൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിച്ചുള്ളൂ. തളിപ്പറമ്പും ധർമടവും മട്ടന്നൂരും ഇടതുമുന്നണിക്കൊപ്പം നിന്നപ്പോൾ ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ലീഡ് നേടിയത്.
തളിപ്പറമ്പിൽ പി.കെ. ശ്രീമതി ടീച്ചർക്ക് 14,219 വോട്ടുകളുടെ ലീഡാണ് ലഭിച്ചത്. ധർമടത്ത് 14,961 വോട്ടുകൾക്കും മട്ടന്നൂരിൽ 20,733 വോട്ടുകൾക്കും ഇടതുമുന്നണി മുന്നിട്ടു നിന്നു. യു.ഡി.എഫ് ആകട്ടെ ഇരിക്കൂറിൽ 22,155, അഴീക്കോട്ട് 5110, കണ്ണൂരിൽ 8057, പേരാവൂരിൽ 8209 വോട്ടുകളുടെ ലീഡ് നേടിയിരുന്നു.
എന്നാൽ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ ഏഴിൽ നാലു നിയമസഭാ സീറ്റുകളിൽ വിജയിച്ചത് ഇടതുമുന്നണിയാണ്. തളിപ്പറമ്പിൽ സി.പി.എമ്മിലെ ജെയിംസ് മാത്യു 40,617 വോട്ടുകൾക്കും കണ്ണൂരിൽ കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ 1196 വോട്ടുകൾക്കും ധർമ്മടത്ത് പിണറായി വിജയൻ 37,905 വോട്ടുകൾക്കും മട്ടന്നൂരിൽ ഇ.പി. ജയരാജൻ 43,381 വോട്ടുകൾക്കും വിജയികളായി. നിലവിലുള്ള സംസ്ഥാന സർക്കാരിൽ മൂന്നു മന്ത്രിമാരുള്ള പാർലമെന്റ് മണ്ഡലമെന്ന പ്രത്യേകതയും ഇത്തവണ കണ്ണൂരിനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്താണ് യു.ഡി.എഫിന് വിജയിക്കാനായത്. പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫ് 7989 വോട്ടുകൾക്കും  ഇരിക്കൂറിൽ കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് 9647 വോട്ടുകൾക്കും അഴീക്കോട് മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ കെ.എം.ഷാജി 2287 വോട്ടുകൾക്കുമാണ് വിജയിച്ചത്. 
കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പു വിജയം കോടതി റദ്ദാക്കിയതും ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകും.

 

Latest News