ഒറ്റ വാക്ക് വേണം, വോട്ടർമാരെ വീഴ്ത്താൻ...

മോഡിയുടെ വാചകമടിയെ പരിഹസിച്ച് കോൺഗ്രസ്, 400 സീറ്റ് ലക്ഷ്യം ഉയർത്തിക്കാട്ടാൻ ബി.ജെ.പിവോട്ടർമാരെ ഒറ്റ വാക്കിൽ വീഴ്ത്താൻ തന്ത്രങ്ങൾ തയാറാക്കുന്ന തിരക്കിലാണ് ബി.ജെ.പിയും കോൺഗ്രസും. ഏത് വാചകമാണ് കുറിക്കു കൊള്ളുകയെന്നാലോചിച്ച് തല പുകക്കുകയാണ് പാർട്ടി തന്ത്രജ്ഞർ. ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യമുയർത്തി 2004 ൽ തിരിച്ചടി നേരിട്ട അനുഭവമുണ്ട് ബി.ജെ.പിക്ക്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അബ് കി ബാർ, മോഡി സർക്കാർ (ഇത്തവണ മോഡി സർക്കാർ) എന്ന മുദ്രാവാക്യം വലിയ വിജയമായി.
കോൺഗ്രസ് രണ്ട് മുദ്രാവാക്യങ്ങളാണ് മുഖ്യമായും പരിഗണിക്കുന്നത്. ബഹുത് ഹുയി ജുംലോം കി മാർ, ആവോ ബദലേം മോഡി സർക്കാർ (വാചകമടികൾ മടുത്തു, വരൂ മോഡി സർക്കാരിനെ മാറ്റാം), ബന്ദേ മേ ഹേ ദം, സാത് ചലേംഗെ ഹം എന്നിവ. പരമ്പരാഗതവും ജിജിറ്റലുമായ ഇലക്ഷൻ പരസ്യ പ്രചാരണം എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കാൻ കോൺഗ്രസ് ഒരു കൂടിയാലോചന നടത്തിക്കഴിഞ്ഞു. പ്രമുഖ അഡ്വർടൈസ്‌മെന്റ്, മൾട്ടിമീഡിയ ക്രിയേറ്റീവ് ഏജൻസികളാണ് പാർട്ടികൾക്കു വേണ്ടി മുദ്രാവാക്യം തയാറാക്കുന്നത്. ഇവർ പലതവണ മുതിർന്ന കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ പ്രസന്റേഷൻ നടത്തി. ഷിക്കാഗോയിലെ ലിയ ബൂർണറ്റ്, നിക്‌സുൻ അഡ്വർടൈംസിഗ്, വേൾഡ് ഇൻകോർപറേഷൻ, എഫ്.സി.ബി ഉൾക, പേഴ്‌സെപ്റ്റ് ഹോൾഡിംഗ്‌സ്, ഡിസൈൻ ബോക്‌സ്, കാരിയോൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ കമ്പനികളെ കോൺഗ്രസ് ചുമതലയേൽപിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്രചാരണത്തിനായി അമേരിക്കയിലെ ഗുടൻബർഗ്, സിൽവർപുഷ് എന്നീ കമ്പനികൾ പ്രസന്റേഷൻ നടത്തിക്കഴിഞ്ഞു. മൂന്ന് ഘട്ടങ്ങളായി പ്രചാരണം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആദ്യ ഘട്ടം മാർച്ചിൽ ആരംഭിക്കും. പല മുദ്രാവാക്യങ്ങളും പാർട്ടിക്കു മുന്നിലുണ്ടെന്നും ഇതിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുമോയെന്നു തന്നെ ഉറപ്പില്ലെന്നും ചർച്ചയിൽ പങ്കെടുത്ത ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്, ഫെയ്‌സ്ബുക്, വൈബർ തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ പരമാവധി ഉപയോഗിക്കാനാണ് പദ്ധതി. കോൺഗ്രസ് കെ ഹാഥ്, ആം ആദ്മി കെ സാഥ് (കോൺഗ്രസിന്റെ കരങ്ങൾ സാധാരണ ജനങ്ങൾക്കൊപ്പം) എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം. ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പബ്ലിസിറ്റി കമ്മിറ്റിയാണ് ഇലക്ഷനിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ചക്കു വരണമെന്ന് നിശ്ചയിക്കുന്നത്. അതിനനുസരിച്ചാണ് പരസ്യ ഏജൻസികൾ പ്രചാരണ രീതി തയാറാക്കുന്നത്. കോൺഗ്രസ് കോർ ഗ്രൂപ്പ് അംഗങ്ങൾക്കു മുന്നിൽ രണ്ടാഴ്ച മുമ്പ് പരസ്യ ഏജൻസികൾ 15 മണിക്കൂറോളം പ്രസന്റേഷൻ നടത്തി. 
അബ് കി ബാർ, 400 കെ പാർ (ഇത്തവണ 400 സീറ്റ്) എന്നാണ് ബി.ജെ.പി പ്രധാനമായും പരിഗണിക്കുന്ന മുദ്രാവാക്യം. 2014 ൽ 543 സീറ്റിൽ എൻ.ഡി.എ 336 സീറ്റാണ് നേടിയത്. ബി.ജെ.പി മാത്രം 282 സീറ്റ് സ്വന്തമാക്കി. മുന്നണിയുടെ സീറ്റ് ഇത്തവണ 400 കടത്തണമെന്നാണ് ലക്ഷ്യം. 
മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ അനുരാഗ് താക്കൂറിനാണ് മുദ്രാവാക്യം തയാറാക്കാനുള്ള കമ്മിറ്റിയുടെ ചുമതല ബി.ജെ.പി നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മോഡി സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാതെ തന്നെ ജനങ്ങൾ വലിയ പിന്തുണ നൽകിയെന്നും ഇത്തവണ മികച്ച പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്നും താക്കൂർ പറയുന്നു. 

 

Latest News