തൃശൂർ, പാലക്കാട് ജില്ലകളിൽ യു.ഡി.എഫിന്റെ പട നയിക്കുന്നത് യുവജന പ്രതിനിധികളാണ്. സ്ഥാനാർത്ഥി ആരായാലും എം.എൽ.എമാരായ ഷാഫി പറമ്പിലും അനിൽ അക്കരയും വി.ടി. ബൽറാമും എൻ. ഷംസുദ്ദീനുമെല്ലാം എങ്ങനെ പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുന്നു എന്നത് ഈ മേഖലയിൽ ജനവിധിയെ ഏറെ സ്വാധീനിക്കുമെന്ന് ചുരുക്കം. സ്ഥാനാർത്ഥി നിർണയ ചർച്ചയുടെ ആദ്യഘട്ടത്തിൽ ഇതിൽ ചിലരുടെ പേരെല്ലാം ഉയർന്നു വന്നിരുന്നതാണ്. പാലക്കാട്ട് ഷാഫി മൽസരിക്കണമെന്ന് ഇപ്പോഴും ശക്തിയായി വാദിക്കുന്ന നിരവധി നേതാക്കൾ യു.ഡി.എഫിലുണ്ട്.
വി.ടി. ബൽറാമിന്റെ പേരും ഇടക്കെപ്പോഴോ ഉയർന്നിരുന്നു. മൽസര രംഗത്തേക്ക് ഇല്ലെന്ന് യുവതുർക്കികൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ സാഹചര്യത്തിൽ അവരെ പ്രചാരണ രംഗത്ത് ഏതു വിധം ഉപയോഗപ്പെടുത്തണമെന്ന കാര്യമാണ് ഇപ്പോൾ മുന്നണി പ്രധാനമായും ചർച്ച ചെയ്യുന്നത്.
പാലക്കാട്ട് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തുരുപ്പുഗുലാനാണ് ഷാഫി പറമ്പിൽ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് നടന്ന ത്രികോണ മൽസരത്തിൽ എൽ.ഡി.എഫിനെയും ബി.ജെ.പിയെയും ബഹുദൂരം പിറകിലേക്ക് തള്ളി യുവനേതാവ് നേടിയ വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം കൂടി ആയി കാണുന്നതിൽ തെറ്റില്ല. കൽപാത്തി അഗ്രഹാരം പോലുള്ള മേഖലകളിൽ ഷാഫിയുടെ സ്വാധീനം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച നടന്ന പാലക്കാട് നഗരസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം. നേരത്തേ 53 വോട്ടിന് വിജയിച്ച വാർഡിൽ ഇക്കുറി ഭൂരിപക്ഷം 421 ആക്കി ഉയർത്താൻ യു.ഡി.എഫിന് സാധിച്ചത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ചിട്ടയായ സ്ക്വാഡ് പ്രവർത്തനത്തിലൂടെയാണ്. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മുഴുവൻ തന്റെ വ്യക്തിപ്രഭാവം നിലനിർത്തുന്ന നേതാവാണ് ഷാഫി എന്നത് പ്രചാരണ രംഗത്ത് യു.ഡി.എഫിന് മുതൽക്കൂട്ടാണ്.
പാലക്കാട് മണ്ഡലത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന മറ്റൊരു നേതാവാണ് മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ. ഈ യൂത്ത് ലീഗ് നേതാവ് തന്റെ തട്ടകത്തിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള വിപുലമായ വ്യക്തിബന്ധങ്ങൾ രാഷ്ട്രീയ എതിരാളികളെപ്പോലും ആശങ്കയിലാഴ്ത്തും. അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും അവിടെയെല്ലാം ഫലപ്രദമായി ഇടപെടുന്ന ജനപ്രതിനിധി എന്ന പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ ഷംസുദ്ദീന് സാധിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക യു.ഡി.എഫുകാരനായ അനിൽ അക്കരയായിരിക്കും ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. എൽ.ഡി.എഫിന്റെ കോട്ടയായി അറിയപ്പെടുന്ന ആലത്തൂരിൽ യു.ഡി.എഫിന്റെ പ്രതീക്ഷകൾക്ക് നിറം പകരുന്നത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളാണ്. ആ മേഖലയിൽ കരുത്തനാണ് സി.പി.എം നേതാക്കളുടെ കണ്ണിലെ കരടായി അറിയപ്പെടുന്ന അനിൽ അക്കര. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആരായിരുന്നാലും മണ്ഡലത്തിലെ വിജയ സാധ്യത ഈ പടക്കുതിരയുടെ തന്ത്രപരമായ നീക്കങ്ങൾക്കനുസരിച്ചാകും.
പാലക്കാട് ജില്ലയിലാണെങ്കിലും മലപ്പുറം ജില്ലയോട് ചേർന്നു കിടക്കുന്ന തൃത്താലയിൽ യു.ഡി.എഫിന്റെ അവസാന വാക്ക് സ്ഥലം എം.എൽ.എ വി.ടി.ബൽറാം തന്നെയാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിൽ ഇക്കുറി ബൽറാമിന് മുന്നണിയുടെ വിജയത്തിനായി പലതും ചെയ്യാനുണ്ട്. ഇക്കുറി പൊന്നാനിയിൽ അട്ടിമറി വിജയം ഉണ്ടാക്കും എന്ന സി.പി.എമ്മിന്റെ അവകാശവാദം പൊളിക്കേണ്ടത് ബൽറാമിന്റെ നിലനിൽപിന്റെ ആവശ്യം കൂടിയാണ്.






